കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ വടക്കന്‍ വീരഗാഥ. മലബാറിലെ ശക്തരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫി.സി.യും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ 29 ബുധനാഴ്ച രാത്രി 7.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കണക്കുകള്‍ നോക്കുമ്പോള്‍ കാലിക്കറ്റിനാണ് മുന്‍തൂക്കം. സൂപ്പര്‍ ലീഗില്‍ ആദ്യ സീസണില്‍ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി വിജയിച്ചു.

സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ തോല്‍വി അറിയാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കുതിപ്പ്. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് സംമ്പാദ്യം. പോയിന്റ് പട്ടികയില്‍ മുന്നിലുമാണ്. പരിചയസമ്പന്നനായ ഗോള്‍കീപ്പറര്‍ ഉബൈദ് സി.കെ.യും അച്ചടക്കത്തോടെ കളിക്കുന്ന നിക്കോയും വികാസും നയിക്കുന്ന പ്രതിരോധവുമാണ് ടീമിന്റെ കരുത്ത്. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് മത്സരം സ്വന്തം വരുതിയിലാക്കും. മധ്യനിരയില്‍ കരുത്തുമായി ഏണസ്റ്റീന്‍ ലവ്‌സാംബയുണ്ട്. മത്സരത്തില്‍ ഉടനീളം ധാരളം ഗോളവസരം ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായി ലക്ഷ്യം കാണാന്‍ ടീമിന് സാധിക്കുന്നില്ല. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളടി വീരന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ പരിക്ക് മാറി തിരിച്ചെത്തിയത് ടീമില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫോഴ്‌സ കൊച്ചികെതിരെ രണ്ടാം പകുതിയില്‍ പകരകാരനായി എത്തി അഡ്രിയാന്‍ വിജയ ഗോളും നേടി.
മുങ്ങിപോകുമെന്ന് പ്രതീക്ഷിച്ചിരുന്ന കപ്പല്‍ തീരത്തോട് അടുക്കുന്ന പ്രതീക്ഷയിലാണ് കാലിക്കറ്റ് എഫ്‌സിക്കുള്ളത്. ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിലെ തോല്‍വി ടീമിന്റെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ മലപ്പുറം എഫ്‌സിക്കെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും മൂന്ന് ഗോള്‍ നേടാന്‍ സാധിച്ചത് ടീമിന് ഗുണം ചെയ്യും. ഗോള്‍ കീപ്പറും മനോജും റിച്ചാര്‍ഡും നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. മധ്യനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധ താരം റിച്ചാര്‍ഡ് പരിക്ക് പറ്റി പുറത്തുപോയിയിരുന്നു. അറ്റാക്കിംങില്‍ കരുത്തുമായി മലയാളി താരം മൂഹമ്മദ് അജ്‌സലുമുണ്ട്. മലപ്പുറത്തിന് എതിരെ രണ്ട് ഗോളാണ് താരം നേടിയത്. ആദ്യ സീസണിലെ ചാമ്പ്യന്‍മാരും ഇത്തവണത്തെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിന് വീരും വാശിയും ഏറും.














