സൂപ്പർ ലീഗ് കേരള: ഇന്ന് രണ്ടാം സെമി ഫൈനൽ, കണ്ണൂരോ കൊച്ചിയോ?

Newsroom

Picsart 24 11 05 21 47 12 984
Download the Fanport app now!
Appstore Badge
Google Play Badge 1

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്.

1000717464

ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും.

ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്.

സ്പാനിഷ് താരങ്ങളായ
അഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്.

ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന്നപ്പോൾ രണ്ടു തവണയും കളി 1-1 സമനിലയിൽ അവസാനിച്ചു.

‘ കണ്ണൂരുമായുള്ള മത്സരത്തിന് ഞങ്ങൾ പൂർണ്ണ സജ്ജരാണ്. അവരുടെ ശക്തിയെ കുറച്ചുകാണുന്നില്ല. സെമി ഫൈനലിനായി മികച്ച തയ്യാറെടുപ്പുകൾ നടത്താൻ ടീമിന് സാധിച്ചിട്ടുണ്ട്. ഫൈനലിൽ ഞങ്ങൾ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ ‘

ഫോഴ്സ കൊച്ചി ഹെഡ് കോച്ച് മാരിയോ ലമോസ് പറഞ്ഞു.

‘ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാർ. ടീമിന്റെ ഫോമിലും കളിക്കാരുടെ മികവിലും വലിയ വിശ്വാസമുണ്ട്. അവസാന നിമിഷം വരെ പൊരുതി വിജയം സ്വന്തമാക്കുകയാണ് ലക്ഷ്യം ‘

കണ്ണൂർ കോച്ച് മാനുവൽ സാഞ്ചസും പറയുന്നത് പ്രതീക്ഷയുടെ വാക്കുകൾ.

ടിക്കറ്റ്

ടിക്കറ്റുകൾ പേ ടിഎം ഇൻ സൈഡറിൽ ഓൺലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയം കൗണ്ടറിലും ടിക്കറ്റുകൾ ലഭിക്കും.

ലൈവ്

മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.