കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സെമി ഫൈനല്‍ മത്സരത്തിനായി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് (13-12-2025) പുറപ്പെടും. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ടീമിന് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കും. ഡിസംബര്‍ 14 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സിയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ എതിരാളി.
ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്‌സി ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് സ്വന്തമാക്കി ഒന്നാമതായും കണ്ണൂര്‍ വാരിയേഴ്‌സ് മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് നേടി നാലാമതായും ആണ് സെമി ഫൈനലിന് യോഗ്യത നേടിയത്. അവസാന മത്സരം തൃശൂര്‍ മാജികിനെതിരെ ജയിച്ച അത്മവിശ്വാസത്തിലാണ് കണ്ണൂരിന്റെ വരവ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്.