സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ് സിയെ കണ്ണൂർ വാരിയേഴ്സ് തോൽപ്പിച്ചു. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയം സ്വന്തമാക്കി. 95ആം മിനുട്ടിലെ ഗോളിൽ ആയിരിന്നു കണ്ണൂരിന്റെ വിജയം.
ഇന്ന് ആദ്യ പകുതിയിൽ തൃശ്ശൂർ മാജിക്കാണ് മികച്ചു നിന്നത്. ആദ്യ അവർ സി കെ വിനീതിന്റെ ഒരു ഹെഡറിലൂടെ ഗോളിന് അടുത്ത് എത്തി. ക്യാപ്റ്റൻ കൂടിയായ വിനീതിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. മത്സരത്തിന്റെ 36ആം മിനുട്ടിൽ തൃശ്ശൂർ ആദ്യ ഗോൾ കണ്ടെത്തി. സി കെ വിനീത് നൽകിയ പാസ് സ്വീകരിച്ച് അഭിജിത്ത് ആണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ കണ്ണൂർ ശക്തമായി തിരികെ വന്നു. അവർ 76ആം മിനുട്ടിൽ ഡേവിഡ് ഗ്രാൻഡെയിലൂടെ സമനില ഗോൾ നേടി. ഒരു സെറ്റ് പീസിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി ആയിരുന്നു ഈ ഗോൾ.
88ആം മിനുട്ടിൽ തൃശ്ശൂരിന്റെ ഹെൻറി ആന്റ്ണി രണ്ടാം മഞ്ഞ കാർഡ് വാങ്ങി ചുവപ്പുമായി കളത്തിന് പുറത്തേക്ക് പോയി. ഇതിനു ശേഷം കണ്ണൂർ കൂടുതൽ സമ്മർദ്ദം ഉയർത്തി. അവസാനം 95ആം മിനുട്ടിൽ ആല്വാരോ ആല്വാരസിന്റെ ഒരു ഹെഡറിലൂടെ കണ്ണൂർ വാരിയേഴ്സ് വിജയം ഉറപ്പിച്ചു.