കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു. ആദ്യ സീസണില്‍ സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് മത്സരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സിക്കൊപ്പമായിരുന്നു കണ്ണൂരിന്റെ ഹോം മത്സരങ്ങള്‍ നടന്നത്.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പന്ത് തട്ടിയ കേരളത്തിലെ ഏക സ്റ്റേഡിയമാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം. കണ്ണൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഏതൊരു സാധാരണകാരനും മത്സരം കാണാന്‍ എത്താം എന്നത് മറ്റൊരു പ്രത്യേകതയാണ്. ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ല്‍ നടന്ന ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ട്രോഫിയിലാണ് ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞത്.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും അന്ന് മത്സരങ്ങള്‍ കാണാനെത്തിയിരുന്നു. 2012 ല്‍ ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല.
അതിനാല്‍ 15,000 ത്തിലധികം പേര്‍ക്കായിരിക്കും മത്സരം കാണാന്‍ സാധിക്കുക. സൂപ്പര്‍ ലിഗ് കേരള മത്സരങ്ങള്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഗ്രൗണ്ടില്‍ പുല്ല് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഗ്യാലറിയിലെ അറ്റക്കുറ്റപണികള്‍, ഫ്‌ളെഡ്‌ലൈറ്റ് സ്ഥാപിക്കല്‍, പെയിന്റിംങ്, പരിസരം വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നടക്കാനുണ്ട്.
ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂരിലേക്ക് ദേശീയ ലെവലിലുള്ള മത്സരം മടങ്ങിയെത്തുന്നു എന്നത് ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം നിറക്കുന്നു.