മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ വിജയം ആവര്‍ത്തിക്കാന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും ഇന്ന് (12-10-2025) ഇറങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഇരുടീമുകളും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. മലപ്പുറം തൃശൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ കണ്ണൂരിനാണ് മുന്‍തൂക്കം.
ആദ്യ സീസണില്‍ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം കണ്ണൂര്‍ വാരിയേഴ്‌സിനായിരുന്നു. കൂടാതെ ആദ്യ സീസണില്‍ കണ്ണൂര്‍ അവേ മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡുമുണ്ട്. പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറത്തിനെതിരെയും തൃശൂരിനെതിരെയും മത്സരിച്ച കണ്ണൂര്‍ രണ്ട് മത്സരവും വിജയിക്കുകയും ചെയ്തു.
അടിക്ക് തിരിച്ചടി എന്ന നിലപാടിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ ആദ്യ മത്സരത്തില്‍ കണ്ടത്. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും മധ്യനിരയിലും പന്ത് കൈവശം വെച്ച് മത്സരം സ്വന്തം വരുതിയിലാക്കുന്നതാണ് ടീമിന്റെ ശൈലി. ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ് മിന്നും ഫോമിലാണ്. ആദ്യ മത്സരത്തില്‍ നിര്‍ണായകമായ നാല് സേവുകളാണ് താരം നടത്തിയത്. പ്രതിരോധത്തില്‍ അര്‍ജന്റീനിയന്‍ താരം നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും മധ്യനിരയില്‍ ലവ്‌സാംബയും എബിന്‍ ദാസും ഒത്തിണക്കത്തോടെ കളിച്ചിരുന്നു.
അറ്റാക്കിംങില്‍ ടീമിന് ആശ്വസിക്കാം ആദ്യ മത്സരത്തില്‍ തന്നെ വിങ്ങര്‍ ടി ഷിജിനും സ്‌ട്രൈക്കര്‍ അബ്ദു കരീം സാംബക്കും ഗോള്‍ കണ്ടെത്താനായത് ടീമിന് ആശ്വാസമാണ്. പകരകാരനായി എത്തി രണ്ട് ഗോളിന് വഴിഒരുക്കിയ അണ്ടര്‍ 23 താരം മുഹമ്മദ് സിനാന്‍ ടീമിന്റെ തുറുപ്പുചീട്ടാണ്. ആദ്യ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.
മലപ്പുറം എഫ്‌സിയെ നോക്കുമ്പോള്‍ സ്വന്തം ആരാധക കൂട്ടത്തിന് മുന്നില്‍ കളിക്കാം എന്നത് തന്നെയാണ് മലപ്പുറത്തിന് മുന്‍തൂക്കം നല്‍കുന്നത്. ആദ്യ മത്സരത്തില്‍ പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ജോണ്‍ കെന്നഡിയും അഖിലും ആദ്യ ഇലവനില്‍ വന്നേക്കാം. പേരുക്കേട്ട ഒരു പിടിതാരങ്ങള്‍ ടീമിലുണ്ടെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. റോയ് കൃഷ്ണ എന്ന ലോകനിലവാരമുള്ള അറ്റാക്കറാണ് ടീമിന്റെ പ്രധാന ശക്തി കേന്ദ്രം. എങ്കിലും ആദ്യ മത്സരത്തില്‍ ടീം നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ആദ്യ മത്സരത്തില്‍ ടീമിന് വെറും രണ്ട് തവണമായമാണ് എതിര്‍ഗോള്‍മുഖത്തേക്ക് ലക്ഷ്യം കാണാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ കാലിക്കറ്റിന് വേണ്ടി മിന്നും പ്രകടനം നടത്തിയ ഹക്കു നയിക്കുന്ന പ്രതിരോധ നിര ശക്തരാണ്. ക്യാപ്റ്റന്‍ ഫസലു റഹ്‌മാന് പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാണ്. കാലവസ്ഥയില്‍ മഴമാറിയതോടെ പയ്യനാട് സ്റ്റേഡിയത്തില്‍ ഹ്യുമിഡിറ്റി അധികമായതിനാല്‍ മത്സരത്തിന്റെ രണ്ടാം പകുതി കടുപ്പമേറും.