സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ!!

Newsroom

Picsart 25 12 14 21 45 37 580

കോഴിക്കോട്: കണ്ണൂർ വാരിയേഴ്‌സ് എഫ്സി അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ്‌ എഫ്സിയെ പെനാൽറ്റി ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ആദ്യമായി ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ മുഹമ്മദ്‌ സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു നിർണായക ഗോൾ.

1000380204

ആറാം മിനിറ്റിൽ തന്നെ മുഹമ്മദ്‌ ആസിഫിനെ വലിച്ചുവീഴ്ത്തിയ കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക്‌ മഞ്ഞക്കാർഡ് ലഭിക്കുന്നത് കണ്ടാണ് മത്സരം ചൂടുപിടിച്ചത്. പിന്നാലെ കാലിക്കറ്റിന്റെ ഗോൾശ്രമത്തിന് ക്രോസ് ബാർ തടസമായി. ഇരുപത്തിയൊന്നാം മിനിറ്റിൽ കാലിക്കറ്റിന്റെ സച്ചു സിബി പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഷഹബാസ് അഹമ്മദ്.

മുപ്പത്തിയാറാം മിനിറ്റിൽ മുഹമ്മദ്‌ ആസിഫ് എടുത്ത ഫ്രീകിക്ക് കണ്ണൂർ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും ഫിനിഷ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. പിന്നാലെ പരുക്കൻ കളിക്ക് കാലിക്കറ്റിന്റെ ഘാനക്കാരൻ റിച്ചാർഡും അർജന്റീനക്കാരൻ സോസയും മഞ്ഞക്കാർഡ് കണ്ടു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച സുവർണാവസരം കാലിക്കറ്റിന്റെ മുഹമ്മദ്‌ അജ്സൽ പാഴാക്കി.

അൻപത്തിയാറാം മിനിറ്റിൽ ഇടതു വിങിലൂടെ മുന്നേറി പകരക്കാരൻ മുഹമ്മദ്‌ ആഷിഖ് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ആരുമില്ലാതെനിന്ന കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്തിന് ഗോളാക്കിമാറ്റൻ കഴിഞ്ഞില്ല.

എഴുപത്തിയൊന്നാം മിനിറ്റിൽ കണ്ണൂർ ഗോൾ നേടി. എസിയർ ഗോമസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് സിനാൻ. വലത്തോട്ട് ഡൈവ് ചെയ്ത കാലിക്കറ്റ്‌ ഗോൾകീപ്പർ ഹജ്മലിന്റെ കൈകളിൽ തട്ടിയാണ് പന്ത് പോസ്റ്റിൽ കയറിയത് (1-0). അണ്ടർ 23 താരമായ സിനാൻ ഈ സീസണിൽ നേടുന്ന നാലാമത്തെ ഗോളാണിത്.

കാലിക്കറ്റും കണ്ണൂരും
ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാംപാദത്തിൽ 2-1ന് വിജയം കാലിക്കറ്റിന്. 29388 കാണികൾ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.

തിങ്കളാഴ്ച (ഡിസംബർ 15) രണ്ടാം സെമിയിൽ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30 ന് കിക്കോഫ്. ഡിസംബർ 19 ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ പോരാട്ടം.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.