കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ തൃശൂര്‍ മാജിക്കിന് വേണ്ടി ബൂട്ടുകെട്ടിയ അര്‍ജുന്‍ എം.എം കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍. തൃശൂര്‍ മാജികിന് വേണ്ടി എട്ട് മത്സരം കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. മിഡ്ഫില്‍ഡറായും വലതു വിങ്ങറായും കളിക്കാന്‍ സാധിക്കുന്ന താരമാണ്.

2024-25 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട മുത്തൂറ്റ് എഫ്.എ.ക്ക് വേണ്ടിയും മധ്യനിരയില്‍ തിളങ്ങിയ താരമാണ്. ടീമിനായി കേരള പ്രീമിയര്‍ ലീഗില്‍ ഗോളും അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുത്തൂറ്റിന് വേണ്ടി പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ മത്സരിച്ചു. ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ അക്കാദമി ടീമുകളായ എവര്‍ട്ടണ്‍, ടോട്ടന്‍ഹാം, ക്രിസ്റ്റല്‍ പാലസ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തിരുന്നു. കൂടാതെ മുത്തൂറ്റിന് വേണ്ടി യൂത്ത് ഡവലപ്പ്‌മെന്റ് ലീഗും കളിച്ചു, ദേശീയ ലെവലില്‍ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ കിരീടവും ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.
2018 ല്‍ എഫ്‌സി കേരളയുടെ അണ്ടര്‍ 15 വിഭാഗത്തില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച താരം ആ വര്‍ഷം യൂത്ത് ഐ ലീഗും കളിച്ചു. തൃശൂര്‍ ജില്ലയിലെ കിഴുപ്പിള്ളിക്കര സ്വദേശിയാണ്.