കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സരം ക്രമമായി. അഞ്ച് ഹോം മത്സരങ്ങളാണ് ജവഹര്‍ സ്‌റ്റേഡിയത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനുള്ളത്. നവംബര്‍ 7 ന് വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക.
നവംബര്‍ 10 ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, നവംബര്‍ 19 ന് മലപ്പുറം എഫ്‌സി, നവംബര്‍ 23 ന് ഫോഴ്‌സ കൊച്ചി എഫ്‌സി, നവംബര്‍ 28 ന് കാലിക്കറ്റ് എഫ്‌സി എന്നിവരാണ് കണ്ണൂരിന്റെ എതിരാളി.
കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണം, ഓഫീസ് ഉദ്ഘാടനം, ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം എന്നിവ ഒക്ടോബര്‍ 31 ന് നടക്കും. അഞ്ച് ഹോം മത്സരങ്ങള്‍ക്ക് പുറമെ അഞ്ച് എവേ മത്സരങ്ങളാണ് ടീമിനുള്ളത്. അതില്‍ നാല് എവേ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന്് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുമായി തോല്‍വി അറിയാതെ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കുതിപ്പ് തുടരുകയാണ്. അവസാന എവേ മത്സരത്തില്‍ തൃശൂര്‍ കേര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആദ്യ സീസണില്‍ കോഴിക്കോട് ആണ് നടന്നത്.
സുപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ് ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. അതോടൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തിരികെ എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഫിക്സ്ചറുകൾ;
2025 നവംബര്‍ 7
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തൃശൂര്‍ മാജിക് എഫ്‌സി
2025 നവംബര്‍ 10
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി
2025 നവംബര്‍ 19
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs മലപ്പുറം എഫ്‌സി
2025 നവംബര്‍ 23
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs ഫോഴ്‌സ കൊച്ചി എഫ്‌സി
2025 നവംബര്‍ 28
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs കാലിക്കറ്റ് എഫ്‌സി














