തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 25) ഇടിമിന്നൽ പോരാട്ടം. നാല് ദിവസത്തെ ഇടവേളക്ക് ശേഷം
മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ ഒൻപതാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുമ്പോൾ തിരുവനന്തപുരം കൊമ്പൻസിന് ഫോഴ്‌സ കൊച്ചിയുടെ വെല്ലുവിളി. ഇതുവരെ സെമി ഫൈനൽ ഉറപ്പിക്കാൻ സാധിച്ചിട്ടില്ലാത്ത ഇരു ടീമുകൾക്കും മത്സരം ഏറെ നിർണായകം.
കാലിക്കറ്റ് എഫ്സി സെമി ഉറപ്പിച്ചു. തൃശൂർ മാജിക് എഫ്സി പുറത്താവുകയും ചെയ്തു. ശേഷിക്കുന്ന മൂന്ന് സെമി സ്ഥാനങ്ങൾക്കായി നാല് ടീമുകളാണ് രംഗത്ത്. ഇനിയുള്ള ഓരോ തോൽവിയും സെമി പ്രതീക്ഷിക്കുന്ന ടീമുകളുടെ സ്ഥിതി സങ്കീർണമാക്കും. അതിനാൽ നടക്കാനിരിക്കുന്ന എല്ലാ മത്സരങ്ങളും നോകൗട്ട് പോരാട്ടങ്ങളുടെ വീറും വാശിയും പകരും.
എട്ട് റൗണ്ട് മത്സരം കഴിയുമ്പോൾ കൊമ്പൻസിന് 12 പോയന്റാണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിച്ചാൽ തലസ്ഥാന നഗരിയുടെ സ്വന്തം ടീമിന് 15 പോയന്റോടെ സെമി ഉറപ്പിക്കാം. ഇന്ന് തോൽവി വഴങ്ങിയാൽ ഒൻപത് കളിയിൽ 10 പോയന്റാവുന്ന ഫോഴ്‌സ കൊച്ചി അവസാന കളി ജയിച്ചാലും അവർക്ക് 13 പോയന്റ് ആവുകയുള്ളു.
കൊമ്പൻസ് ഇന്ന് തോൽക്കുകയാണ് എങ്കിൽ സെമി ടിക്കറ്റിനായി അവസാന റൗണ്ട് മത്സരത്തിനും കണക്കിലെ കളികൾക്കും കാത്തിരിക്കേണ്ടി വരും.
എട്ട് കളികളിൽ 10 പോയന്റുള്ള ഫോഴ്‌സ കൊച്ചിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമേ സെമി ഉറപ്പാവൂ. ഒരു സമനില പോലും അവർക്ക് മുന്നോട്ട് പോക്കിന് പ്രയാസങ്ങളുണ്ടാക്കും. ഇന്ന് തോൽക്കുന്ന പക്ഷം മലപ്പുറം എഫ്സി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സമനിലയോ തോൽവിയോ വഴങ്ങിയാൽ മാത്രമേ കൊച്ചിക്ക് മുന്നോട്ടുള്ള വാതിൽ തുറക്കൂ. അല്ലെങ്കിൽ എട്ട് കളികളിൽ 13 പോയന്റുള്ള കണ്ണൂർ വാരിയേഴ്‌സ് ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും വലിയ മാർജിനിൽ തോൽക്കണം.
അവസാന മത്സരത്തിൽ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വാരിയേഴ്‌സിനെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാവും കൊമ്പൻസ് ഇന്ന് ബൂട്ട് മുറുക്കുക. ഓട്ടമർ ബിസ്‌പോ, യുവതാരം അക്‌മൽ ഷാൻ ഉൾപ്പടെയുള്ളവർ ഫോമിലേക്ക് ഉയർന്നതും കൊമ്പൻമാർക്ക് കരുത്താവും.
സ്വന്തം ഗ്രൗണ്ടിൽ കാലിക്കറ്റ് എഫ്സിയോട് ഇഞ്ചുറി സമയത്തെ ഗോളിൽ പരാജയം രുചിച്ചാണ് ഫോഴ്‌സ കൊച്ചി വരുന്നത്. നായകൻ ടുണിഷ്യക്കാരൻ സൈദ് അഹമ്മദ് നിദാലും
രാഹുൽ കെ പിയും ഡോറിയൽട്ടനുമെല്ലാം അണിനിരക്കുന്ന കൊച്ചിക്ക് കൊമ്പനെ മറിച്ചിടാൻ ഗംഭീര പോരാട്ടം തന്നെ പുറത്തെടുക്കേണ്ടി വരും.
ലൈവ്
മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് കാണാം.