കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സിക്ക് ഏഴാം തോൽവി. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‍സിയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഖാലിദ് റോഷൻ നേടിയ ഗോളിലാണ് തിരുവനന്തപുരത്തിന്റെ വിജയം. കൊച്ചിയുടെ റിജോൺ ജോസ്, തിരുവനന്തപുരത്തിന്റെ
ശരീഫ് ഖാൻ എന്നിവർക്ക് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചു. ഏഴ് കളികളിൽ 10 പോയന്റുള്ള തിരുവനന്തപുരം ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. കളിച്ച ഏഴ് കളികളും പരാജയപ്പെട്ട കൊച്ചി സെമി ഫൈനൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് പോയന്റ് ഒന്നുമില്ലാതെ അവസാന പടിയിൽ നിൽക്കുന്നു.

എട്ടാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ തിരുവനന്തപുരത്തിന്റെ ഓട്ടിമർ ബിസ്‌പോക്ക് ഗോളടിക്കാൻ അവസരമൊത്തു. എന്നാൽ ബ്രസീൽ താരത്തിന്റെ ഫിനിഷിങ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റിൽ തിരുവനന്തപുരം ഗോൾ നേടി. അബ്ദുൽ ബാദിഷ് നീക്കി നൽകിയ പന്തിൽ ഖാലിദ് റോഷന്റെ മനോഹര ഫിനിഷിങ് (1-0). ആദ്യപകുതിയിൽ തന്നെ ഖാലിദ് റോഷൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അമോസ് കിരിയയെ പിൻവലിച്ച കൊച്ചി മാർക്ക് വർഗാസിനെ കളത്തിലിറക്കി. അറുപത്തിയൊന്നാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ പൗലോ വിക്റ്ററിന് ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അറുപത്തിയാറാം മിനിറ്റിൽ ബോക്സിന് പുറത്ത് പൗലോ വിക്റ്ററിനെ ഫൗൾ ചെയ്തു വീഴ്ത്തിയ കൊച്ചിയുടെ റിജോൺ ജോസിന് റഫറി ചുവപ്പ് കാർഡ് നൽകി. റൊമാരിയോ ജെസുരാജിന് പകരം നിജോ ഗിൽബർട്ടിനെ കൊണ്ടുവന്ന കൊച്ചിയുടെ ഗോൾശ്രമങ്ങൾ ഒന്നും ഫലം കാണാതെ പോയി. എൺപതാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും രണ്ടാം മഞ്ഞക്കാർഡിന് പിന്നാലെ ചുവപ്പുകാർഡ് വാങ്ങി കളം വിട്ടു.
ചൊവ്വാഴ്ച (നവംബർ 18) ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.














