മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കൊമ്പൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും
ഡോറിയൽട്ടനും സ്കോർ ചെയ്തപ്പോൾ കൊമ്പൻസിൻ്റെ ഗോൾ
മാർക്കോസ് വിൽഡറിൻ്റെ ബൂട്ടിൽ നിന്നായിരുന്നു. ലീഗിൽ കൊച്ചിയുടെ ആദ്യ വിജയമാണിത്.
ഗോൾകീപ്പർ സാൻ്റോസ് അമേരിക്കോസ് അടക്കം നാല് ബ്രസീൽ കരുത്തരെ അണിനിരത്തിയാണ് കൊമ്പൻസ് ഇന്നലെ കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി താരം അർജുൻ ജയരാജ് നയിച്ച കൊച്ചി ടീമിൽ ഇന്ത്യൻ താരങ്ങൾക്കായിരുന്നു പ്രാമുഖ്യം.
ഗോൾ ലക്ഷ്യമാക്കിയുള്ള ഒരു നീക്കം പോലും കളിയുടെ ആദ്യ കാൽ മണിക്കൂറിൽ കാണാൻ കഴിഞ്ഞില്ല. കൊച്ചി താരം ആസിഫിന് ലഭിച്ച മഞ്ഞക്കാർഡ് മാത്രമായിരുന്നു പരാമർശിക്കാവുന്ന സംഭവം. പന്തിന്മേലുള്ള നിയന്ത്രണത്തിനായി ഇരു ടീമുകളും ശ്രമിച്ചപ്പോൾ അദ്യ അരമണിക്കൂറിൽ കളി മധ്യനിരയിൽ കെട്ടിക്കിടന്നു. ഇരുപത്തിനാലാം മിനിറ്റിൽ വലത് വിംഗിലൂടെ മുന്നേറി കൊമ്പൻസ് താരം മുഹമ്മദ് അസ്ഹർ തൊടുത്ത ഇടതുകാലൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ ബ്രസീലുകാരൻ മാർക്കോസ് വിൽഡർ നടത്തിയ ഗോൾ ശ്രമം കൊച്ചി ഗോളി ഹജ്മൽ രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനകം കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡർ വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാർക്കോസ് കൊമ്പൻസിന് ലീഡ് നൽകി 1-0. തുടർന്നും കൊമ്പൻസ് ആക്രമണത്തിന് തുനിഞ്ഞതോടെ കൊച്ചി പ്രതിരോധം ആടിയുലഞ്ഞു. അര ഡസണിലേറെ കോർണർ കിക്കുകൾ കണ്ടെങ്കിലും ആദ്യപകുതി 1-0 ന് അവസാനിച്ചു.
രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോൾ കീപ്പർ ഹജ്മലാണ് അവർക്ക് പലപ്പോഴും രക്ഷകനായത്. അൻപത്തിനാലാം മിനിറ്റിൽ ആസിഫിനെ പിൻവലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. അറുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി സമനില പിടിച്ചു. ബ്രസീലുകാരൻ ഡോറിയൽ ഗോമസ് നൽകിയ പാസ് കൃത്യമായി പോസ്റ്റിൽ എത്തിച്ച് പകരക്കാരൻ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. പതിയെ കളിയിൽ മേധാവിത്വം നേടിയ കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റിൽ ബ്രസീൽ താരം
ഡോറിയൽട്ടൻ ലീഡ് നൽകി 1-2. വലതു ഭാഗത്ത് നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചിൽ ബ്രസീൽ താരം പോസ്റ്റിൽ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളിൽ ലീഡ് ഉയർത്താൻ കൊച്ചിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. നാല് കളിയിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയൻ്റ് വീതമായി.
നോർത്തേൺ ഡെർബി ഇന്ന് ( സെപ്റ്റംബർ 28)
സൂപ്പർ ലീഗ് കേരളയുടെ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് നോർത്തേൺ ഡെർബിയോടെ ഇന്ന് (സെപ്റ്റംബർ 28) തുടക്കം. വടക്കൻ കേരളത്തിലെ രണ്ട് ടീമുകളായ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.
ലീഗ് പാതിയിലേക്ക് എത്തുമ്പോൾ നാല് കളികളിൽ എട്ട് പോയൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും ഇത്രയും കളികളിൽ ആറ് പോയൻ്റുമായി കാലിക്കറ്റ് രണ്ടാമതുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം.
ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമുകൾ എന്ന നിലയിൽ ഇന്നത്തെ കാലിക്കറ്റ് – കണ്ണൂർ മത്സരം പൊടിപാറും. ആക്രമണ ഫുട്ബോളിൻ്റെ മനോഹാരിത മൈതാനത്ത് കാണാം. നാല് കളിയിൽ ആറ് ഗോൾ സ്കോർ ചെയ്യാൻ കണ്ണൂരിനും ഏഴ് ഗോൾ എതിർ വലയിൽ എത്തിക്കാൻ കാലിക്കറ്റ് ടീമിനും കഴിഞ്ഞിട്ടുണ്ട്. ലീഗ് ടോപ് സ്കോറർ പട്ടികയിൽ ഇരു സംഘങ്ങളുടെയും കളിക്കാർ ആണ് ഉള്ളത്. കാലിക്കറ്റ് എഫ്സിക്കായി ഗനി നിഗം മൂന്ന് ഗോളും സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെ കണ്ണൂർ ടീമിനായി രണ്ട് ഗോളും നേടിയിട്ടുണ്ട്.
ലൈവ്
മത്സരം സ്റ്റാർ സ്പോർട്സ് വൺ ചാനിലിൽ കാണാം. ഡിസ്നി ഹോട്ട് സ്റ്റാറിലും മനോരമ മക്സിലും (മിഡിൽ ഈസ്റ്റ്) ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.