കാലിക്കറ്റ് എഫ്സി Vs ഫോഴ്‌സ കൊച്ചി എഫ്സി
കാൽപന്താവേശം ആകാശം തൊടുന്ന ഗ്രാൻഡ് ഫിനാലെ ഇന്ന് (നവംബർ 10). പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ കിരീടപ്പോരാട്ടത്തിൽ കാലിക്കറ്റ് എഫ്സി, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് കിക്കോഫ്.
രണ്ടു മാസത്തിലേറെ മലയാളി ഫുട്ബോൾ പ്രേമികളെ ത്രില്ലടിപ്പിച്ച പോരാട്ടങ്ങൾക്കാണ് ഇന്ന് സാമൂതിരിയുടെ മണ്ണിൽ ഫൈനൽ വിസിൽ ഉയരുക.
ലീഗിന്റെ തുടക്കം മുതൽ മികവോടെ കളിച്ചാണ് കാലിക്കറ്റ് ഫൈനലിൽ കയറിയത്. ആദ്യ മത്സരം തോറ്റ്, ഒന്ന് പതറിയ ശേഷം പിന്നീട് ഫോമിലേക്കുയർന്നാണ് കൊച്ചിക്കാർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
ഗോൾവേട്ടക്കാർ മുഖാമുഖം
കാലിക്കറ്റും കൊച്ചിയും ഇന്ന് മുഖാമുഖം നിൽക്കുമ്പോൾ അത്
ഗോൾവേട്ടക്കാരുടെ സംഗമം കൂടിയാവും. ലീഗിൽ ആകെ പിറന്ന 81 ഗോളുകളിൽ 20 ഉം സ്കോർ ചെയ്തത് കാലിക്കറ്റ് ആണ്. കൊച്ചിയും ഒട്ടും മോശല്ല, 12 ഗോൾ അവരും എതിരാളികളുടെ വലയിലെത്തിച്ചു.
ഏഴ് ഗോളുമായി ടോപ് സ്‌കോറർ സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുകാരൻ ഡോറിയൽട്ടൻ ഗോമസ് കൊച്ചി താരമാണെങ്കിൽ കാലിക്കറ്റ് നിരയിൽ ഗോളടിക്കാരുടെ ഒരു പട തന്നെയുണ്ട്. മലയാളി താരങ്ങളിലെ ടോപ് സ്‌കോറർ ഗനി നിഗം (നാല് ഗോൾ), ഹെയ്ത്തിക്കാരൻ കെർവൻസ് ബെൽഫോർട്ട് (നാല് ഗോൾ), യുവതാരം മുഹമ്മദ് റിയാസ് (മൂന്ന് ഗോൾ) എന്നിവരെല്ലാം കാലിക്കറ്റിന്റെ പടയാളികളാണ്.
കീപ്പർമാരും കേമന്മാർ
ഗോൾ അടിക്കുന്നതിൽ മാത്രമല്ല, തടുക്കുന്നതിലും കൊച്ചി, കാലിക്കറ്റ് ടീമുകൾ കേമന്മാരാണ്. 11 കളികളിൽ കൊച്ചി 8 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കാലിക്കറ്റ് പത്തും.
ഏറ്റവും കൂടുതൽ സേവ് നടത്തിയ ഗോൾ കീപ്പർമാരുടെ പട്ടികയിലും ഇരു ടീമിലെയും കളിക്കാർ ഉണ്ട്. കൊച്ചി ഗോളി ഹജ്മൽ 23 സേവുകൾ നടത്തിയപ്പോൾ കാലിക്കറ്റ് ഗോളി വിശാലിന്റെ പേരിൽ 22 സേവുകളുണ്ട്.
ഗോളടിക്കുന്നതിലും തടുക്കുന്നതിലും കരുത്തറിയിച്ച രണ്ടു ടീമുകൾ മോഹക്കപ്പിനായി കോഴിക്കോടിന്റെ പച്ചപ്പരവതാനിയിൽ അങ്കം കുറിക്കുമ്പോൾ സമീപകാല കേരള ഫുട്ബോൾ കണ്ട ഏറ്റവും മികച്ച കാല്പന്ത് യുദ്ധത്തിനാവും ഫുട്ബോൾ പ്രേമികൾ സാക്ഷിയാവുക.
താരത്തിളക്കം
ഫൈനൽ മത്സരം കാണാൻ സിനിമ/ഫുട്ബോൾ/രാഷ്ട്രീയ മേഖലയിലെ പ്രമുഖരുണ്ടാവും. ഫോഴ്‌സ കൊച്ചിയുടെ സഹ ഉടമയും സിനിമ താരവുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സി
ബ്രാന്‍ഡ് അംബാസഡറും നടനുമായ ബേസിൽ ജോസഫും തങ്ങളുടെ ടീമുകളെ സപ്പോർട്ട് ചെയ്യാനെത്തും.
കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് താരങ്ങൾക്കൊപ്പം വെറ്ററൻ കളിക്കാരും ഗ്യാലറിയെ സമ്പന്നമാക്കും. 1973 മുതൽ കേരളത്തെ ഏഴ് തവണ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ കളിക്കാരെയും ഫൈനലൽ കാണാൻ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി അനിൽ കുമാർ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ മാത്യു ജോസഫ് ഉൾപ്പടെയുള്ള വിവിധ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ഫൈനലിനെത്തും. വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യുന്നത് സംസ്ഥാന കായിക വകുപ്പ് മന്ത്രി
വി. അബ്ദുറഹ്മാൻ.
ടിക്കറ്റ്
ടിക്കറ്റുകൾ പേ ടിഎം ഇൻ സൈഡറിൽ ഓൺലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയം കൗണ്ടറിലും ടിക്കറ്റുകൾ ലഭിക്കും.
ലൈവ്
മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.