കാലിക്കറ്റ് എഫ് സി – കണ്ണൂർ വാരിയേഴ്സ് പോരാട്ടം സമനിലയിൽ

Newsroom

Picsart 24 09 28 22 00 49 515
Download the Fanport app now!
Appstore Badge
Google Play Badge 1

കര്‍ണാടകയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുനിൻ്റെ സ്മരണകൾ തുടിച്ച മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും 1-1സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ ടീനിനായും പകരക്കാരൻ പിഎം ബ്രിട്ടോ കാലിക്കറ്റ് ടീമിനായും സ്കോർ ചെയ്തു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ അർജുന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് മത്സരം കിക്കോഫ് ചെയ്തത്. കൂടാതെ ഇന്നലെ (സെപ് 28) ലഭിച്ച മുഴുവൻ ഗെയിറ്റ് കളക്ഷനും അർജുനിൻ്റെ കുടുംബത്തിന് സഹായധനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.

Picsart 24 09 28 22 00 59 661

അബ്ദുൽ ഹക്കുവിൻ്റെ നായകത്വത്തിൽ താഹിർ സമാൻ – ബെൽഫോർട്ട് – ഗനി നിഗം എന്നിവരെ ആക്രമണ ചുമതല ഏൽപ്പിച്ചാണ് കാലിക്കറ്റ് ഇറങ്ങിയത്. സ്പാനിഷ് നായകൻ അഡ്രിയാൻ സെർദിനേറോക്ക് കീഴിൽ കണ്ണൂരും ബൂട്ടുകെട്ടി. എട്ടാം മിനിറ്റിൽ കാലിക്കറ്റിൻ്റെ യുവതാരം റിയാസിന് നല്ലൊരവസരം കൈവന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിയാറാം മിനിറ്റിൽ കണ്ണൂരിൻ്റെ ഫ്രീകിക്ക് കാലിക്കറ്റ് ഗോളി വിശാൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. സംഘടിത നീക്കങ്ങൾ നടത്താൻ ഇരു സംഘങ്ങൾക്കും കഴിഞ്ഞങ്കിലും ഫിനിഷിങിലെ കൃത്യതയില്ലായ്മ ആദ്യപകുതിയെ ഗോൾ രഹിതമാക്കി.

രണ്ടാം പകുതിയിൽ ബ്രിട്ടോ, അഭിറാം എന്നിവരെ കൊണ്ടുവന്ന് കാലിക്കറ്റ് അറ്റാക്കിങ് ഡിപ്പാർട്ട്മെൻ്റ് പുതുക്കിപ്പണിതു.
എന്നാൽ ഗോളടിച്ചത് കണ്ണൂരായിരുന്നു. അറുപതാം മിനിറ്റിൽ എസിയർ ഗോമസ് ഒത്താശ നൽകിയ പന്തിൽ സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോയുടെ ക്ലിനിക്കൽ ഫിനിഷിങ് 1-0. എഴുപത്തിയൊന്നാം മിനിറ്റിൽ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഗനി കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടെങ്കിലും ഗോൾ കീപ്പർ അജ്മൽ രക്ഷകനായി. ഇഞ്ചുറി ടൈമിൽ മൂന്ന് കണ്ണൂർ താരങ്ങളെ വെട്ടി യൊഴിഞ്ഞ് ബ്രിട്ടോ തൊടുത്ത ഷോട്ട് കണ്ണൂർ വലയിൽ വിശ്രമിച്ചു 1-1.

ലീഗ് ടേബിളിൽ അഞ്ചു കളികളിൽ 9 പോയൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 7 പോയൻ്റുള്ള കാലിക്കറ്റ് രണ്ടാംസ്ഥാനത്ത് തുടരുന്നു. ലീഗിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കളിയില്ല. ചൊവ്വാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും.