യുനെസ്കോ സാഹിത്യ നഗരമായ കോഴിക്കോടും കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയും ഇന്ന് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ മുഖാമുഖം നിൽക്കും. കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിലുള്ള മത്സരത്തിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30 ന്.
ലീഗിൻ്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്.
തെക്കിൻ്റെ ഡ്യൂറണ്ട് കപ്പ് എന്ന് അറിയപ്പെട്ടിരുന്ന നാഗ്ജി ടൂർണമെൻ്റിൻ്റെയും മാനാഞ്ചിറ മൈതാനിയിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെയും ഉജ്ജ്വല ഫുട്ബോൾ സ്മരണകൾ ഇരമ്പുന്ന നഗരമാണ് കോഴിക്കോട്. സൂപ്പർ ലീഗ് കേരളയുടെ വരവ് സാമൂതിരിയുടെ മണ്ണിനെ വീണ്ടും ഫുട്ബോൾ ജ്വരത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയം തുടരാൻ കാലിക്കറ്റ് എഫ്സിയും ആദ്യ വിജയത്തിനായി കൊച്ചിയും കച്ചമുറുക്കുമ്പോൾ കളി കളറാകും.
കൊച്ചി × കോഴിക്കോട്
കോഴിക്കോടും കൊച്ചിയും ലജണ്ടറി ഫുട്ബോൾ താരങ്ങളുടെ ജന്മദേശം എന്നതിനൊപ്പം പ്രശസ്ത ക്ലബുകളുടെ മാതൃനഗരങ്ങൾ കൂടിയാണ്. അവയിൽ പലതും ചരിത്രത്തിൻ്റെ ഭാഗമായി. പ്രീമിയർ ടയേഴ്‌സ്, ഫാക്ട് ആലുവ, ഈഗിൾസ് എഫ്സി, സെൻട്രൽ എക്സൈസ്, ഗോൾഡൺ ത്രെഡ്സ്.. തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ് വരെ നീളുന്ന ക്ലബ് ചരിത്രമാണ് കൊച്ചി രാജ്യത്തിൻ്റേത്.
ചലഞ്ചേഴ്സ്, യൂണിവേഴ്സൽ, ബ്രീസ്, ബഡ്സ്, കെടിസി, മലബാർ യുണൈറ്റഡ്… ഇൻ്റർനാഷണൽ താരങ്ങളുടെ നേഴ്സറിയായിരുന്ന കോഴിക്കോടൻ ക്ലബുകളും നിരവധി.
സിറ്റി ഓഫ് ഫാൻസ്
ഇന്ത്യൻ ഫുട്ബോളിൽ കൊൽക്കത്ത കഴിഞ്ഞാൽ കാണികളുടെ നഗരമായി അറിയപ്പെടുന്നത് കോഴിക്കോട്. ഫുട്ബോൾ താരങ്ങളെക്കാൾ പ്രശസ്തരായ കാണികൾ ഉണ്ടായിരുന്ന നാട്. ഓട്ടോ ചന്ദ്രനും അപ്പുവേട്ടനും അബ്ദുറയുമെല്ലാം അവരിൽ ചിലർ മാത്രം. മൈതാനത്ത് വിസിലും വെളിച്ചവും ഉയർന്നാൽ വെള്ളയിലിലും വെസ്റ്റ് ഹില്ലിലും കുറ്റിച്ചിറയിലും കുന്നമംഗലത്തുമെല്ലാം ആരവമുയരും. തൊഴിലാളികൾ ജോലി നിർത്തി ഗ്യാലറിയിൽ ഇടം പിടിക്കും. ആരവം മുഴക്കും.
കാലിക്കറ്റ് എഫ്സിയുടെ ബീക്കൺസ് ബ്രിഗേഡ് എന്ന ആരാധക സംഘം കൂടെ ഗ്യാലറിയിൽ എത്തുന്നതോടെ ഇന്ന് കോഴിക്കോടൻ പടക്കളത്തിന് തീപ്പിടിക്കും. മലപ്പുറം – കാലിക്കറ്റ് മത്സരത്തിനായി ബീക്കൺസ് ബ്രിഗേഡ് നിരവധി ബസുകളിലായി മഞ്ചേരിയിൽ എത്തിയിരുന്നു. ടീമിനെ വിജയിപ്പിച്ചാണ് അവർ മടങ്ങിയത്.
ഗിലാൻ്റെ ഗനി
മലപ്പുറം എഫ്സിയെ അവരുടെ തട്ടകമായ മഞ്ചേരിയിൽ പോയി കാലിക്കറ്റ് എഫ്സി മൂന്ന് ഗോളിന് കൊല്ലാകൊല ചെയ്യുമ്പോൾ രണ്ടുഗോളുകൾ പിറന്നത് ഗനി അഹമ്മദ് നിഗം എന്ന നാട്ടുപയ്യൻ്റെ ബൂട്ടിൽ നിന്ന്. 26 വയസിനിടെ ഹൈദരാബാദ് എഫ്സി, ഗോകുലം കേരള, മുഹമ്മദൻസ്, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ വമ്പൻ ക്ലബുകളുടെ കുപ്പായമിട്ട ഗനി ഗോൾ പോസ്റ്റിന് മുന്നിലെ മാന്ത്രികനായി അറിയപ്പെടുന്നു. ഏത് പ്രതിരോധവും അനായാസം മറികടക്കുന്ന ഗനി കൂൾ ഫിനിഷർ കൂടിയാണ്. ഇന്ന് കൊച്ചിക്ക് എതിരെയും കാലിക്കറ്റ് കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ്റെ ആദ്യ ചോയ്സ് ഗനി തന്നെയാവും. കോഴിക്കോട് നഗരത്തിലെ പരിശീലനത്തിലൂടെ വളർന്ന ഗനി നാദാപുരം സ്വദേശിയാണ്. ഗനിക്കളി കാണാൻ താരത്തിൻ്റെ നാട്ടുകാർ കൂടി എത്തുന്നതോടെ ഗ്യാലറി ത്രസിക്കും. ഒപ്പം മലപ്പുറം, വയനാട്, കണ്ണൂർ ഫാൻസും എത്തും.
കൊച്ചി മാറും
ബ്യൂട്ടിഫുൾ ഗെയിം എന്ന ഫുട്ബോൾ സിനിമയിൽ അഭിനയിക്കാനിരിക്കുന്ന പൃഥ്വിരാജിൻ്റെയും പത്നിയുടെയും സ്വന്തം ടീമായ ഫോർസ കൊച്ചി ലീഗിലെ ആദ്യ വിജയം തേടിയാണ് ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മലപ്പുറം എഫ്സിയോട് തോൽവി വഴങ്ങിയ ടീം രണ്ടാം അങ്കത്തിൽ കണ്ണൂരിനോട് സമനില വഴങ്ങിയിരുന്നു. ലീഗിൽ വലിയ സ്വപ്നങ്ങളുള്ള ടീമിന് ഇന്ന് ജയിച്ചേ തീരൂ. അർജുൻ ജയരാജ്, നിജോ ഗിൽബർട്ട്, ആസിഫ് തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളുമായി ഇറങ്ങുന്ന ടീം കൊച്ചി ആദ്യ കളികളിലെ പിഴവുകൾ തിരുത്തിയാവും കാലിക്കറ്റ് എഫ്സിയെ നേരിടുക. കണ്ണൂരുമായി കോഴിക്കോട് സ്റ്റേഡിയത്തിൽ കളിച്ച പരിചയവും അവർക്ക് ഗുണം ചെയ്യും. ലീഗിലെ ആദ്യ ജയം കുറിക്കാൻ കൊച്ചിയും വിജയം തുടരാൻ കാലിക്കറ്റും ഇറങ്ങുമ്പോൾ നാളെ പ്രഥമ മുഖ്യൻ്റെ പേരിലുള്ള കോഴിക്കോട് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക ഉജ്ജ്വലമായൊരു കാല്പന്ത് പോരാട്ടത്തിനാവും.
…….
_പേടിഎംവഴിയാണ് മത്സരത്തിൻ്റെ ടിക്കറ്റ് ബുക്കിങ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ് ലഭ്യമാണ്.
മത്സരത്തിൻ്റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ ലഭ്യമാണ്. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം._