സൂപ്പർ ലീഗ് കേരളയിലെ ആദ്യ ഫൈനലിസ്റ്റ് ആയി കാലിക്കറ്റ് എഫ് സി. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ കാലിക്കറ്റ് എഫ് സി തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിൽ എത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു കാലിക്കറ്റിന്റെ വിജയം.
ഇന്ന് കാലികറ്റിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിൽ തിരുവനന്തപുരം ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 40ആം മിനുട്ടിൽ ഒരു പെനാൾറ്റിയിൽ നിന്നായിരുന്നു ഗോൾ വന്നത്. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾറ്റി ഓട്ടോമർ വലയിൽ എത്തിച്ചു. ആദ്യ പകുതിയിൽ തിരുവനന്തപുരത്തിന് ലീഡ് നിലനിർത്താാൻ ആയി.
രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ് സി ചില അറ്റാക്കിംഗ് മാറ്റങ്ങൾ നടത്തി. 60ആം മിനുട്ടിൽ സബ്ബായി എത്തിയ കെന്നഡിയുടെ ആദ്യ ടച്ച് തന്നെ ഗോൾ. സ്കോർ 1-1. സബ്ബായി എത്തിയ ബ്രിട്ടോ ഒരുക്കിയ പന്തായിരുന്നു കെന്നഡി വലയിൽ എത്തിച്ചത്.
73ആം മിനുട്ടിൽ ക്യാപ്റ്റൻ ഗനി നിഗം അഹമ്മദിലൂടെ കാലിക്കറ്റ് ലീഡ് എടുത്തു. കെന്നഡിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഗനി റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഗനിയുടെ സീസണിലെ നാലാം ഗോളാണിത്. ഇത് കൂടാതെ മൂന്ന് അസിസ്റ്റും ഗനിക്ക് ഈ സീസണിൽ ഉണ്ട്.
ഈ ഗോൾ കാലിക്കറ്റ് എഫ് സിയുടെ വിജയം ഉറപ്പാക്കി. ഇനി രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയും നാളെ കോഴിക്കോട് വെച്ച് ഏറ്റുമുട്ടും.