സൂപ്പർ ലീഗ് കേരള; ഇഞ്ചുറി ടൈമിൽ വിജയ ഗോൾ, കൊച്ചിയും കടന്ന് കാലിക്കറ്റ്

Newsroom

Picsart 24 10 20 22 38 35 233
Download the Fanport app now!
Appstore Badge
Google Play Badge 1

ഇഞ്ചുറി ടൈമിൽ നേടിയ ഒറ്റഗോളിന്
ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ബ്രസീൽ താരം റാഫേൽ സാന്റോസാണ് കാലിക്കറ്റിന്റെ വിജയഗോൾ കുറിച്ചത്. എട്ട് കളികളിൽ 16 പോയന്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കൊച്ചി നാലാമത്.

1000705037

ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ്‌ നിദാൽ കൊച്ചിയെയും കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ് കാലിക്കറ്റിനെയും നയിച്ച മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ആക്രമണം കണ്ടു. നിജോ ഗിൽബർട്ട് പറത്തിയ ഷോട്ട് കാലിക്കറ്റ് ഗോൾ കീപ്പർ വിശാലിനെ പരീക്ഷിച്ചു. പത്താം മിനിറ്റിൽ ഡോറിയൽട്ടൻ തള്ളിക്കൊടുത്ത പന്തിൽ വീണ്ടും നിജോയുടെ ശ്രമം. ഷോട്ട് കാലിക്കറ്റ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി.

ഇരുപത്തിയെട്ടാം മിനിറ്റിൽ കാലിക്കറ്റ് മുന്നേറ്റക്കാരൻ ബെൽഫോർട്ട് നാല് എതിരാളികളെ മറികടന്ന് തൊട്ടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മുപ്പത്തിനാലാം മിനിറ്റിൽ ലീഡ് നേടാൻ കൊച്ചിക്ക് അവസരം ലഭിച്ചു. എന്നാൽ കാലിക്കറ്റ് ഗോളിയുടെ പിഴവ് മുതലെടുക്കാൻ ഡോറിയൽട്ടന് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നായകൻ ജിജോ ജോസഫിനെ പിൻവലിച്ച കാലിക്കറ്റ് അപകടകാരിയായ പി എം ബ്രിട്ടോയെ കളത്തിലിറക്കി. സൂപ്പർ താരം ഗനി അഹമ്മദ് നിഗം, അബ്ദുൽ ഹക്കു എന്നിവരുടെ അഭാവം ഇന്നലെ (ഒക്ടോബർ 20) കാലിക്കറ്റിന്റെ നീക്കങ്ങളിൽ നിഴലിച്ചു. അറുപതാം മിനിറ്റിൽ തോയ് സിംഗിന് പകരം കാലിക്കറ്റ് താഹിർ സമാനെയും ബസന്ത സിംഗിന് പകരം കൊച്ചി രാഹുൽ കെ പിയെയും കൊണ്ടുവന്നു. തൊട്ടുപിന്നാലെ ഡോറിയൽട്ടൻ നടത്തിയ സൈഡ് വോളിക്ക് ലക്ഷ്യബോധം ഇല്ലാതെ പോയി. എൺപത്തിയഞ്ചാം മിനിറ്റിൽ ബെൽഫോർട്ട് പറത്തിയ തീപാറുന്ന ഷോട്ട് കൊച്ചി കീപ്പർ ഹജ്മൽ ക്രോസ് ബാറിന് മുകളിലൂടെ തട്ടിത്തെറിപ്പിച്ചു. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് വിജയഗോൾ നേടി. പകരക്കാരനായി എത്തിയ ബ്രസീലുകാരൻ റാഫേൽ സാന്റോസാണ് സ്കോർ ചെയ്തത്. കൊച്ചി കീപ്പർ ഹജ്മലിനെ മറികടന്ന പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു.
നാലായിരത്തോളം കാണികളാണ് ഇന്നലെ (ഒക്ടോബർ 20) മത്സരം കാണാൻ കലൂർ സ്റ്റേഡിയത്തിലെത്തിയത്.

ആദ്യ ലെഗിൽ കാലിക്കറ്റും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം. ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 25 വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സ കൊച്ചിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.