പ്രഥമ കേരള സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ് സി സ്വന്തമാക്കി. ഫോഴ്സ കൊച്ചിയെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കാലിക്കറ്റ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് കിരീടം ഉറപ്പിച്ചത്. തോയ് സിംഗും ബെൽഫോർട്ടും ആണ് കാലിക്കറ്റ് എഫ് സിക്ക് ആയി ഗോൾ നേടിയത്.

മത്സരം ആരംഭിച്ച് 15ആം മിനുട്ടിൽ തന്നെ കാലിക്കറ്റ് എഫ് സി ലീഡ് എടുത്തു. തോയ് സിംഗിന്റെ ഫിനിഷ് ആണ് കാലിക്കറ്റിന് അർഹിച്ച ലീഡ് നൽകിയത്. ഈ ആധിപത്യം ആദ്യ പകുതിയിൽ നിലനിർത്താൻ കാലിക്കറ്റിനായി.
രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ബെൽഫോർട്ട് കോഴിക്കോടിന്റെ ലീഡ് ഇരട്ടിയാക്കി. തന്റെ പഴയ ക്ലാസ് ഓർമ്മിപ്പിച്ചുള്ള ഒരു ഫിനിഷിലൂടെ ആണ് ബെൽഫോർട്ട് വല കണ്ടെത്തിയത്.

ഈ ഗോൾ കാലിക്കറ്റിന്റെ വിജയം ഉറപ്പിച്ചു എന്ന് കരുതിയ സമയത്ത് 93ആം മിനുട്ടിൽ ഫോഴ്സ കൊച്ചി ഒരു ഗോൾ മടക്കി. ഡോറി ആണ് ഫോഴ്സ കൊച്ചിക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. ഈ ഗോൾ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. എങ്കിലും സമ്മർദ്ദം മറികടന്ന് കാലിക്കറ്റ് കിരീടം ഉറപ്പിച്ചു.