കണ്ണൂരിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനക്കാരായി കാലിക്കറ്റ് എഫ് സി

Newsroom

Picsart 24 10 31 22 00 28 453
Download the Fanport app now!
Appstore Badge
Google Play Badge 1

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ച കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ.

1000713581

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി ഓസെയ് റിച്ചാർഡ്, ജോൺ കെന്നഡി, മുഹമ്മദ്‌ റിയാസ് എന്നിവരും കണ്ണൂരിനായി ഡേവിഡ് ഗ്രാൻഡെയും സ്കോർ ചെയ്തു. 10 കളികളിൽ 19 പോയന്റ് നേടിയാണ് കാലിക്കറ്റ് ഒന്നാം സ്ഥാനക്കാരായത്. കണ്ണൂരിന് 16 പോയന്റാണ് ഉള്ളത്.

കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ് കാലിക്കറ്റ് എഫ്സിയെയും മുൻ ഇന്ത്യൻ ഇന്റർനാഷണൽ ആദിൽ ഖാൻ കണ്ണൂർ വാരിയേഴ്‌സിനെയും നയിച്ച മത്സരത്തിലെ ആദ്യ അവസരം കണ്ടത് ഒൻപതാം മിനിറ്റിൽ. കോർണറിന് കാലിക്കറ്റ്‌ താരം അബ്ദുൽ ഹക്കു ചാടിയുയർന്ന് തലവെച്ചു. പോസ്റ്റിലേക്ക് പറന്ന പന്ത് കണ്ണൂരിന്റെ പകരക്കാരൻ ഗോൾ കീപ്പർ ബിലാൽ ഖാൻ പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി.

ഇരുപത്തിരണ്ടാം മിനിറ്റിൽ കണ്ണൂർ ലീഡ് നേടി. സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെയെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഗ്രാൻഡെക്ക്‌ പിഴച്ചില്ല (1-0).

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കാലിക്കറ്റിന്റെ സമനില ഗോൾ വന്നു. കോർണർ ബോളിന് തലവെച്ച് ഘാനക്കാരൻ ഓസെയ് റിച്ചാർഡാണ് സ്കോർ നില തുല്യമാക്കിയത് (1-1). റിച്ചാർഡ് (കാലിക്കറ്റ്‌), ആദിൽ ഖാൻ (കണ്ണൂർ) എന്നിവർക്ക് ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ണൂർ അൽവാരോ അൽവരസ്, നജീബ് എന്നിവരെയും കാലിക്കറ്റ്‌ ഗനി നിഗത്തിനെയും കളത്തിലിറക്കി. പകരക്കാരനായി ഇറങ്ങിയ കണ്ണൂരിന്റെ മുഹീബ് എഴുപത്തിമൂന്നാം മിനിറ്റിൽ നടത്തിയ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

എൺപത്തിമൂന്നാം മിനിറ്റിൽ ബ്രസീലുകാരൻ ജോൺ കെന്നഡിയും രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് യുവതാരം മുഹമ്മദ്‌ റിയാസും ഗോൾ നേടിയതോടെ കാലിക്കറ്റ് വിജയമുറപ്പിച്ചു (1-3). ആദ്യ ലഗ്ഗിൽ കാലിക്കറ്റും കണ്ണൂരും ഏറ്റുമുട്ടിയപ്പോൾ (1-1) സമനിലയായിരിന്നു ഫലം.

മഞ്ചേരിയിൽ ഇന്ന് മരണക്കളി

ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (നവംബർ 1) മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾക്ക് ഒപ്പം സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമിനെ നിശ്ചയിക്കുന്ന മത്സരമാണിത്. നിലവിൽ 12 പോയന്റുള്ള കൊമ്പൻസിന്‌ സമനില നേടിയാൽ തന്നെ സെമി സ്ഥാനം ഉറപ്പിക്കാം. ഒൻപത് പോയന്റുള്ള മലപ്പുറത്തിന് അവസാന നാലിലേക്ക് കയറാൻ വിജയം അനിവാര്യം. നിർണായക മത്സരം സ്വന്തം കാണികളെ സാക്ഷി നിർത്തി കളിക്കാം എന്നത് മലപ്പുറത്തിന് പ്രതീക്ഷ നൽകുന്നു.