ഗോകുലം കേരള എഫ് സിയുടെ സ്പാനിഷ് സ്‌ട്രൈക്കർ അലക്‌സ് സാഞ്ചസിനെ സൂപ്പർ ലീഗ് കേരള ക്ലബ് ആയ മലപ്പുറം എഫ് സി സൈൻ ചെയ്തു. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ് സാഞ്ചസ്. ഗോകുലം കേരളയുടെ ആം ബാൻഡും അണിഞ്ഞിരുന്നു. സ്‌പെയിനിൽ നിന്നുള്ള ഫോർവേഡ് താരം കഴിഞ്ഞ ഐ ലീഗിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിരുന്നു. ഗോൾഡൻ ബൂട്ടും മികച്ച പ്ലയർക്കുള്ള പുരസ്കാരവും അലക്സ് ആയിരുന്നു നേടിയത്.
സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സൈനിംഗിൽ ഒന്നായി ഇതിനെ കണക്കാക്കണം.. വലതു കൈപത്തി ഇല്ലാതെ ജനിച്ച സാഞ്ചസ് ഫുട്ബോൾ ലോകത്തിന് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്. സ്പാനിഷ് ലാ ലീഗയിൽ കളിക്കുന്ന ഹാൻഡികാപ്ഡ് ആയ ആദ്യ കളിക്കാരനായി സാഞ്ചസ് മുമ്പ് മാറിയിരുന്നു.
34 കാരനായ ഫോർവേഡ് സി ഡി ടുഡെലാനോ, സി ഡി ടെറുവൽ, സി എ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന,റിയൽ സരഗോസ തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
സ്‌പെയിനിന്റെ മൂന്നാം നിരയിൽ 127 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലെക്‌സ് സാഞ്ചസ് 42 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, 33 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ അദ്ദേഹം SD എജിയയ്ക്ക് കാര്യമായ സംഭാവന നൽകി.