മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമിനെ ഇന്നറിയാം (നവംബർ 5). ഒന്നാം സെമിയിൽ കാലിക്കറ്റ് എഫ്സിക്ക് തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പോരാട്ടത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്.
10 കളികളിൽ അഞ്ച് ജയവും നാല് സമനിലയുമായി ഒന്നാം സ്ഥാനക്കാർ എന്ന പകിട്ടോടെയാണ് കാലിക്കറ്റ് സെമി ബെർത്ത് നേടിയത്. മൂന്ന് ജയവും നാല് സമനിലയുമുള്ള കൊമ്പൻസിന് അവസാന നിമിഷമാണ് നാലാം സ്ഥാനക്കാരായി സെമി ടിക്കറ്റ് കൺഫേമായത്.
ടീം എന്ന നിലയിലും കളിക്കാരുടെ വ്യക്തിഗത മികവിലും ഏറെ മുന്നിലാണ് കാലിക്കറ്റ്. കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ കളിക്കാരെ മാറ്റിപ്പരീക്ഷപ്പോഴൊന്നും ടീമിന്റെ കെട്ടുറപ്പ് നഷ്ടമായിരുന്നില്ല. അത് കാലിക്കറ്റിന്റെ ബെഞ്ച് സ്‌ട്രെങ്ത്ത് വെളിവാക്കുന്നു.
ലീഗിൽ വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നവരിലും കാലിക്കറ്റ് താരങ്ങൾ ഏറെയുണ്ട്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗം, നാല് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെൽഫോർട്ട്, ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു തുടങ്ങിയവരെല്ലാം അവരുടെ കരുത്താണ്.
മുഹമ്മദ് റിയാസിനെ പോലുള്ള യുവതാരങ്ങളും ജിജോ ജോസഫ്, ബ്രിട്ടോ ഉൾപ്പടെയുള്ള പരിചയസമ്പന്നരും കാലിക്കറ്റ് ടീമിനെ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാക്കി മാറ്റുന്നു.
ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കൊമ്പൻസിന്റെ കാമ്പ്. നീളക്കാരൻ ഗോളി മിഖായേൽ സാന്റോസ്, കളംമുഴുവൻ പറന്നു കളിക്കുകയും ഗോൾ സഹായത്തിൽ മുന്നിൽ (നാല്) നിൽക്കുകയും ചെയ്യുന്ന പാട്രിക് മോട്ട, ഇതിനോടകം മൂന്ന് ഗോൾ സ്കോർ ചെയ്ത ഓട്ടിമർ ബിസ്‌പൊ എന്നിവരെല്ലാം സെർജിയോ അലക്സാണ്ടർ പരിശീലിപ്പിക്കുന്ന കൊമ്പൻസിനെ പ്രവചനങ്ങൾക്ക് വഴങ്ങാത്ത ടീമാക്കുന്നു.
അബ്ദുൽ ബാദിശ്, ഗണേശൻ തുടങ്ങിയ സീസണൽ കളിക്കാരും ടീമിന്റെ മികവാണ്. ലീഗിൽ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് കാലിക്കറ്റ് 4-1ന് വിജയിച്ചു. കോഴിക്കോട്ടെ കളി 1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു.
‘ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ഞങ്ങൾ മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലാണ് ഇനി മുൻപിൽ. അവിടെ പഴയ മത്സരങ്ങൾക്ക് പ്രസക്തിയില്ല. ജയിച്ചാൽ മാത്രം മുന്നോട്ട് പോകാം. ടീമിന്റെ തന്ത്രങ്ങൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കുകയാണ് ഇനി ലക്ഷ്യം. ആരാധകരുടെ പിന്തുണയോടെ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ ‘ – കാലിക്കറ്റ് എഫ്സി കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ പറഞ്ഞു.
‘ കാലിക്കറ്റ് എഫ്സി മികച്ച ടീമാണ്, അവരുടെ ഇതുവരെയുള്ള പ്രകടനത്തെ ഏറെ ബഹുമാനത്തോടെ കാണുന്നു. ഞങ്ങളുടെ കളിക്കാരുടെ കഴിവിലും സമർപ്പണത്തിലും ഏറെ പ്രതീക്ഷയുണ്ട്. നിർണായക ഘട്ടങ്ങളിൽ എത്രത്തോളം മികവിലേക്ക് ഉയരാൻ പറ്റും എന്നതാണ് ഇനി പ്രധാനം. ഫൈനൽ കളിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത് ‘ – തിരുവനന്തപുരം കൊമ്പൻസ് കോച്ച് സെർജിയോ അലക്സാണ്ടറും നിലപാട് വ്യക്തമാക്കുന്നു.
ഇനി സമനിലകൾ ഇല്ലാത്ത പോരാട്ടങ്ങളാണ്. നിശ്ചിതസമയം തുല്യതയിൽ അവസാനിച്ചാൽ എക്സ്ട്രാ ടൈമിലേക്കും അവിടെയും ഓപ്പമാണെങ്കിൽ ഷൂട്ടൗട്ടിലേക്കും കളി നീളും. പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ഇനി വിജയങ്ങളാണ് ജേതാക്കളെ നിശ്ചയിക്കുക.
ലൈവ്
മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.