ഒഡീഷയിൽ ഇന്ന് നടന്ന സൂപ്പർ കപ്പ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ബംഗളൂരു എഫ്‌സിയെ അട്ടിമറിച്ച് ഇന്റർ കാശി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയം 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇൻ്റർ കാശി 5-3 എന്ന സ്കോറിനാണ് വിജയം നേടിയത്.

മത്സരത്തിന്റെ 62-ാം മിനിറ്റിൽ വില്യംസ് നേടിയ ഗോളിലൂടെ ബംഗളൂരു എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 88-ാം മിനിറ്റിൽ ബാബോവിച്ചിലൂടെ ഇൻ്റർ കാശി സമനില ഗോൾ നേടി.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇൻ്റർ കാശിയുടെ ഗോൾകീപ്പർ ശുഭം മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിൻ്റെ തകർപ്പൻ സേവുകളാണ് ടീമിന് 5-3 എന്ന വിജയവും ക്വാർട്ടർ ഫൈനൽ സ്ഥാനവും ഉറപ്പിച്ചത്.
ഇതോടെ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയ ഇൻ്റർ കാശി, ചെന്നൈയിൻ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെ നേരിടും.