പഞ്ചാബ് എഫ്‌സിയുടെ ഹൃദയം തകർക്കുന്ന നാടകീയ തിരിച്ചുവരവുമായി എഫ്‌സി ഗോവ സൂപ്പർ കപ്പ് സെമിയിൽ. അവർ 2-1ന്റെ വിജയം സ്വന്തമാക്കി. 89 മിനുറ്റ് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് പഞ്ചാബ് പരാജയപ്പെട്ടത്.

89-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രിസൺ ഫെർണാണ്ടസ് വലതുവശത്തു നിന്ന് നൽകിയ ക്രോസ് പഞ്ചാബിൻ്റെ ആശിഷ് പ്രധാൻ വേണ്ടവിധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ബോക്‌സിന് പുറത്തേക്ക് പോയില്ല. അവിടെയുണ്ടായിരുന്ന ബോർഹ ഹെറേറ പന്ത് ശാന്തമായി വലയുടെ താഴെ വലത് കോണിലേക്ക് അടിച്ച് ഗോവയെ ഒപ്പമെത്തിച്ചു.
ഇതിന് പിന്നാലെ മൂന്ന് മിനിറ്റിനുള്ളിൽ ഡ്രാസിച്ചിൻ്റെ ഉയർന്നു വന്ന ക്രോസ് പ്രതിരോധ താരം പ്രംവീർ മോശമായി ഹെഡ് ചെയ്തത് എഫ്‌സി ഗോവയുടെ യാസിറിന് അവസരമൊരുക്കി. യാസിറിന് പിഴച്ചില്ല, സ്കോർ 2-1.
ഇനി നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ. വൈകുന്നേരം 4:30ന് ഇൻ്റർ കാശി മുംബൈ സിറ്റി എഫ്‌സിയെയും രാത്രി 8 മണിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ജംഷഡ്‌പൂർ എഫ്‌സിയെയും നേരിടും. മത്സരങ്ങൾ ജിയോ ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് 3 ലും തത്സമയം സംപ്രേക്ഷണം ചെയ്യും.