ഏപ്രിൽ ആദ്യ വാരം മുതൽ കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളിലെ സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ക്ലബുകൾ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ സ്ഥിതിയും പരിശീലക ഗ്രൗണ്ടുകളുടെ നിലവാരവും ആണ് ക്ലബുകളെ ആശങ്കയിൽ ആക്കുന്നത്. ഇത് സംബന്ധിച്ച് എ ഐ എഫ് എഫിനെ പല ക്ലബുകളും ബന്ധപ്പെട്ടതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ഗ്രൗണ്ടിലെ പണികൾ ഇപ്പോഴും തുടരുകയാണ്. പുല്ല് പോലും ശരിയായില്ലാത്ത കോഴിക്കോട് ഗ്രൗണ്ടിന്റെ ചിന്ത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു.
എന്നാൽ ഇത് ആഴ്ചകൾക്ക് മുന്നേയുള്ള ചിത്രങ്ങൾ ആണെന്നും ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും എ ഐ എഫ് എഫ് പറയുന്നു. കോഴിക്കോട് സ്റ്റേഡിയത്തിന്റെ സ്ഥിതി മെച്ചപ്പെടാത്തതിനാൽ ഏപ്രിൽ 3 മുതൽ നടക്കേണ്ടിയിരുന്ന സൂപ്പർ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ കോഴിക്കൊട് നിന്ന് മഞ്ചേരിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഡിയം തൃപ്തികരമല്ല എങ്കിൽ നോക്കൗട്ട് ഘട്ടം മുതൽ വേദി മാറ്റാനും എ ഐ എഫ് എഫ് തയ്യാറാണ് എന്ന് അധികൃതർ പറയുന്നു. കോഴിക്കോടും മഞ്ചേരിയിലും ഉള്ള ട്രെയിനിംഗ് ഗ്രൗണ്ടുകളുടെ നിലവാരത്തിലും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് എല്ലാ ആശങ്കകളും പരിഹരിച്ച് മികച്ച രീതിയിൽ ടൂർണമെന്റ് നടത്താൻ ആകും എന്നാണ് സംഘടകരും ഫുട്ബോൾ ആരാധകരും പ്രതീക്ഷിക്കുന്നത്.