സുനിൽ ഛേത്രി, നീ തന്നെ രക്ഷകൻ!! ഇന്ത്യക്ക് ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ വിജയം

20210607 211312
- Advertisement -

2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ വിജയത്തിലേക്ക് അവസാനം ഇന്ത്യ എത്തി. ഇന്ന് ബംഗ്ലാദേശിനെ ദോഹയിൽ വെച്ച് നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിനാണ് അയൽ രാജ്യത്തെ മറികടന്നത്. ബംഗ്ലാദേശിന്റെ ഒത്തിണക്കത്തോടെയുള്ള ഡിഫൻസിനെ മറികടക്കാൻ അവസാനം ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി തന്നെ വേണ്ടി വന്നു. ഇരട്ട ഗോളുകളുമായാണ് ക്യാപ്റ്റൻ രക്ഷകനായത്.

അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. കളിയിലെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ചിംഗ്ലൻസനയ്ക്കായിരുന്നു. ബ്രാണ്ടൺ എടുത്ത കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡർ സെന തോടുത്തപ്പോൾ ഗോളെന്നുറപ്പിച്ചത് ആയിരുന്നു. എന്നാൽ ഗോൾ ലൈനിൽ നിന്ന് ഒരു ബ്ലോക്കോടെ ബംഗ്ലാദേശ് ഡിഫൻസ് ആ ഗോൾ തടഞ്ഞു. തുടക്കത്തിൽ ബ്രണ്ടന്റെ തന്നെ ഒരു ത്രൂ പാസിൽ മൻവീറിനും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ മൻവീറിന്റെ ടച്ചുകൾ അദ്ദേഹത്തെ ഗോളിൽ നിന്ന് അകറ്റി.

രണ്ടാം പകുതിയിൽ ആശികിനെയും യാസിറിനെയും ലിസ്റ്റണെയും സ്റ്റിമാച് സബ്ബായി എത്തിച്ചു. പക്ഷെ എന്നിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. ബ്രണ്ടന്റെ സെറ്റ് പീസുകൾ മാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ബ്രാണ്ടൺ എടുത്ത ഒരു ഫ്രീകിക്കിൽ നിന്ന് ഛേത്രിയും ഒരു കോർണറിൽ നിന്ന് സുഭാഷിഷും നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി.

അവസാനം സുനിൽ ഛേത്രി ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. 79ആം മിനുട്ടിൽ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നൽകിയത്. ഇടതു വിങ്ങിൽ നിന്ന് മലയാളി താരം ആശിഖ് കുരുണിയൻ നൽകിയ ക്രോസ് ഒരു സ്ട്രൈക്കറുടെ ഹെഡറിലൂടെ ഛേത്രി വലയിൽ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യക്കായുള്ള 73ആം ഗോളായിരുന്നു ഇത്. ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ ഓപ്പൺ പ്ലേ ഗോളുമായിരുന്നു ഇത്. അവസാനം ആശിഖിന് ഒരു ഗോൾ കൂടെ നേടാൻ അവസരം ഉണ്ടായിരുന്നു എങ്കിലും മികച്ച സേവിലൂടെ ബംഗ്ലാദേശ് ഗോൾ കീപ്പർ ഇന്ത്യയെ തടഞ്ഞു. പക്ഷെ പിന്നാലെ സുനിൽ ഛേത്രി ഇന്ത്യൽകായി രണ്ടാം ഗോളും നേടി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഇന്തയുടെ ക്യാപ്റ്റന്റെ രണ്ടാം ഗോൾ.

ഈ വിജയത്തോടെ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് എത്തി. അവസാന മത്സരത്തിൽ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്. അതും വിജയിക്കാൻ ആയാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാൻ ആകും.

Advertisement