ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പ് സീസൺ അവസാനിച്ചു. പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷനായുള്ള പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ലുറ്റൺ ടൗൺ, മിഡിൽസ്ബോറോ എന്നിവർക്ക് ഒപ്പം കൊവെൻട്രി സിറ്റിയും സണ്ടർലാണ്ടും ഇന്ന് ചേർന്നു. ബ്ലാക്ബേണിനോട് അവസാന മത്സരത്തിൽ പരാജയപ്പെട്ട മിൽവാൽ പ്ലേ ഓഫ് യോഗ്യത നേടാതെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മിൽവാൽ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 3-1ന് ലീഡ് എടുത്ത ശേഷം ആണ് 4-3ന്റെ പരാജയം ബ്ലാക്വേണിനോട് ഏറ്റുവാങ്ങിയത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ഇന്ന് പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരെ 3-0ന്റെ എവേ വിജയം നേടിയാണ് സണ്ടർലാൻഡ് പ്ലേ ഓഫിന് യോഗ്യത നേടിയത്. സണ്ടർലാണ്ട് 46 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ആറാമത് ഫിനിഷ് ചെയ്തു. ബ്ലാക്ബേണിനും 69 പോയിന്റ് ഉണ്ടായിരുന്നു എങ്കിലും ഗോൾഡിഫറൻസ് വിനയായി.
ഇന്ന് മിഡിൽസ്ബ്രോയുമായി 1-1ന്റെ സമനില വഴങ്ങിയ കോവൻട്രി സിറ്റി 8 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 75 പോയിന്റുമായി മിഡിൽസ്ബ്രോ നാലാമതും 80 പോയിന്റുമായി ലുറ്റൺ മൂന്നാമതും ഫിനിഷ് ചെയ്തു. ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ബേർൺലിയും ഷെഫീൽഡ് യുണൈറ്റഡും നേരത്തെ തന്നെ പ്രീമിയർ ലീഗ് പ്രൊമോഷൻ നേടിയിരുന്നു.
പ്ലേ ഓഫിൽ ലുറ്റൺ സണ്ടർലാണ്ടിനെയും മിഡിൽസ്ബ്രോ കൊവെൻട്രി സിറ്റിയെയും നേരിടും. അടുത്ത ആഴ്ച പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങൾ നടക്കും.