ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി സ്റ്റിമാച് ചുമതല ഏറ്റിട്ട് കാലം കുറേ ആയി. പക്ഷെ ഇപ്പോഴും ഒരു ആരാധകനെ പോലും തൃപ്തിപ്പെടുത്താനോ ഫുട്ബോൾ പ്രേമികൾക്ക് ഒരു പ്രതീക്ഷ നൽകാനോ സ്റ്റിമാചിനായില്ല എന്നതാണ് സത്യം. ഇന്നലെ ബംഗ്ലാദേശിനോട് ഏറ്റ സമനിലയോട് ഫുട്ബോൾ ആരാധകർക്ക് സ്റ്റിമാചിനെ പൂർണ്ണമായു മടുത്ത് ഇരിക്കുകയാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരെ മാത്രം 7 മത്സരങ്ങൾ കളിച്ച സ്റ്റിമാചിന്റെ ഇന്ത്യ ആകെ രണ്ട് മത്സരങ്ങൾ ആണ് ഇവയിൽ ജയിച്ചത്. ഇത് ഈ പരിശീലകന്റെ കീഴിൽ പിറകോട്ട് ആണ് പോകുന്നത് എന്ന് വ്യക്തമാക്കുന്നു.
പരിശീലകൻ എന്ന നിലയിൽ അത്ര നല്ല റെക്കോർഡ് ഇല്ലാത്ത സ്റ്റിമാചിനെ നിയമിച്ച തീരുമാനം അന്ന് തന്നെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ പ്രകടനവും നിരാശ നൽകുന്നതായിരുന്നു. ഇതുവരെ ആകെ 18 മത്സരങ്ങൾ സ്റ്റിമാചിനു കീഴിൽ ഇന്ത്യ കളിച്ചു. ഇതിൽ വിജയിച്ചത് മൂന്ന് മത്സരങ്ങൾ മാത്രം. ഏഴു പരാജയവും എട്ടു സമനിലയുമാണ് മറ്റു സമ്പാദ്യം. ആകെ 18 ഗോളുകൾ അടിച്ച ഇന്ത്യ മുപ്പതോളം ഗോളുകൾ വഴങ്ങുകയും ചെയ്തു. വിജയ ശതമാനം വെറും 16 മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ വീഴ്ച തന്നെ ആണ് കാണിക്കുന്നത്. ഈ സാഫ് കപ്പിൽ കിരീടം നേടാൻ ആയില്ല എങ്കിൽ സ്റ്റിമാചിന്റെ പരിശീലക സ്ഥാനം തെറിക്കാൻ തന്നെയാണ് സാധ്യത.