സ്റ്റിമാച് വന്നിട്ട് മൂന്ന് വർഷം, ജയിച്ചത് ആകെ 6 മത്സരങ്ങൾ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇഗൊർ സ്റ്റിമാച് എത്തിയിട്ട് ഇന്നേക്ക് 3 വർഷം പൂർത്തിയാകുന്നു. വലിയ പ്രതീക്ഷയോടെ ആയിരുന്നു സ്റ്റിമാച് എത്തിയത് എങ്കിലും അവസാന 3 വർഷങ്ങളിൽ ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം വിജയിച്ചത് വെറും 6 മത്സരങ്ങൾ മാത്രമാണ്. സ്റ്റിമാചിന്റെ കീഴിൽ ഇന്ത്യ പിറകോട്ട് മാത്രമെ പോയിട്ടുള്ളൂ എന്ന് വ്യക്തമാക്കുന്ന കണക്കുകൾ. മോശം ടീം സെലക്ഷനും മോശം ടാക്ടിക്സുകളും കൊണ്ട് നിരന്തരം വിമർശനങ്ങൾ ഏറ്റു വാങ്ങാനെ സ്റ്റിമാചിന് ആയുള്ളൂ.

ഇന്ത്യ ഈ മൂന്ന് വർഷങ്ങളിൽ 24 മത്സരങ്ങൾ ആണ് കളിച്ചത്. ഇതിൽ 9 മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടു. 9 എണ്ണം സമനില ആയി. ആകെ 6 എണ്ണത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അടക്കം ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ഇനി മുന്നിൽ ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടമാണ് ഉള്ളത്. ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ചില്ല എങ്കിൽ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോളിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ല. സ്റ്റിമാച് മാത്രമല്ല ഈ മൂന്ന് വർഷത്തിൽ വെറും 24 മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ എന്നതിന് ഇന്ത്യം ഫുട്ബോൾ അസോസിയേഷനും വിമർശനങ്ങൾ അർഹിക്കുന്നുണ്ട്.