ക്രൊയേഷ്യൻ പരിശീലകൻ സ്റ്റിമാച് ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഫുട്ബോൾ മത്സരം ഇന്ന് നടക്കും. തായ്ലാന്റിൽ വെച്ച് നടക്കുന്ന കിംഗ്സ് കപ്പിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. കുറാസാവോ ആണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികൾ. കോൺസ്റ്റന്റൈൻ കളിച്ച വിരസമായ ഫുട്ബോളിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരധകർ സ്റ്റിമാചിന്റെ ആദ്യ മത്സരത്തിനായി ഉറ്റു നോക്കുകയാണ്.
ടോട്ടൽ ഫുട്ബോൾ രീതിയിലായിരിക്കും സ്റ്റിമാച് കളിക്കുക എന്നാണ് സൂചനകൾ. 3 സെന്റർ ബാക്കുകളെ കളിപ്പിക്കുന്ന ഫോർമേഷനിൽ ഇന്ത്യൻ ആദ്യമായി ഇറങ്ങിയേക്കും എന്നും സൂചനയുണ്ട്. കോൺസ്റ്റന്റൈന്റെ കീഴിൽ അവസരം ലഭിക്കാത്ത പല നല്ല കളിക്കാരും ടീമിൽ ഉണ്ട് എന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.
മലയാളി താരമായ സഹൽ അബ്ദുൽ സമദിന്റെ അരങ്ങേറ്റവും ഇന്ന് ഉണ്ടായേക്കും. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുള്ള സഹൽ ആദ്യമായാണ് സീനിയർ ടീമിൽ ഇടം നേടുന്നത്. സഹൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് സൂചന. ഡിഫൻസിൽ ജിങ്കനൊപ്പം ആദിൽ ഖാൻ പാട്ണറായേക്കും.
കുറാസാവോ ചെറിയ രാജ്യമാണെങ്കിലും ഇന്ത്യയേക്കാൾ മികച്ച ഫുട്ബോൾ ടീം അവർക്ക് ഉണ്ട്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളുമായാണ് കുറാസാവോ എത്തിയിരിക്കുന്നത്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് കിംഗ്സ് കപ്പ് ഫൈനലിൽ എത്താം. അല്ലായെങ്കിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരിൽ പങ്കെടുക്കേണ്ടു വരും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. തത്സമയം സ്റ്റാർ സ്പോർട്സിൽ മത്സരം കാണാം.