പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ടോട്ടനം ഹോട്ട്സ്പറിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പർതാരം ജെയിംസ് മാഡിസണ് വലത് കാൽമുട്ടിന് ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ് (ACL) പരിക്ക് പറ്റിയിരുന്നു. ഇത് കാരണം താരത്തിന് ആറ് മുതൽ ഏഴ് മാസം വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025-26 സീസണിലെ ഭൂരിഭാഗം മത്സരങ്ങളും മാഡിസണ് നഷ്ടമാകും. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുമെന്ന് ക്ലബ്ബ് അറിയിച്ചു.
താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.
പ്രീ-സീസൺ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് മാഡിസണ് പരിക്ക് പറ്റിയത്. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളും ഇതേ കാൽമുട്ടിലെ പരിക്കുമൂലം താരത്തിന് നഷ്ടമായിരുന്നു. താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബും ആരാധകരും. എങ്കിലും ഇത്തരം പരിക്കുകൾക്ക് കുറഞ്ഞത് ആറ് മാസത്തെ വിശ്രമം ആവശ്യമാണ്. ഈ പരിക്ക് ടോട്ടൻഹാമിന്റെ മധ്യനിരയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.