പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഒരു നിരാശ കൂടെ. അവർ ഇന്ന് ലണ്ടണിൽ ടോട്ടനത്തോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പർസിന്റെ വിജയം.

ഇന്ന് തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ ആധിപത്യം സ്ഥാപിക്കാൻ സ്പർസിന് ആയി. അവർ 13ആം മിനുറ്റിൽ തന്നെ ലീഡ് എടുത്തു. പരിക്ക് മാറി എത്തിയ മാഡിസൺ അണ് സ്പർസിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഗർനാചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അർജന്റീനൻ താരത്തിന് പന്ത് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച നീക്കങ്ങൾ നടത്തി എങ്കിലും സമനില ഗോൾ നേടാൻ അവർക്ക് ആയില്ല. പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചിൽ ഇന്ന് 8 അക്കാദമി താരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 17 കാരൻ ചിദോ ഒബി യുണൈറ്റഡിനായി ഇന്ന് അരങ്ങേറ്റം നടത്തി.
ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 29 പോയിന്റുമായി 15ആം സ്ഥാനത്തേക്ക് താഴ്ന്നു. 30 പോയിന്റുമായി സ്പർസ് 12ആം സ്ഥാനത്ത് എത്തി.