സ്പെയിനിന്റെ വനിതാ ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം, സ്പാനിഷ് താരം ജെന്നി ഹെർമോസോയെ, അനുവാദമില്ലാതെ ചുണ്ടിൽ ചുംബിച്ച വിഷയത്തിൽ മുൻ സ്പാനിഷ് എഫ് എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ മൂന്ന് വർഷത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി ഫിഫ അറിയിച്ചു.
ചുംബനം ഉഭയസമ്മതപ്രകാരമല്ലെന്ന് ഹെർമോസോ പറഞ്ഞതിനെത്തുടർന്ന് തന്റെ സ്ഥാനം രാജിവയ്ക്കാൻ സ്പാനിഷ് എഫ്എയുടെ മുൻ പ്രസിഡന്റ് നേരത്തെ നിർബന്ധിതനായിരിന്നു. കുറ്റകരമായ പെരുമാറ്റം എന്ന് കണ്ടെത്തിയാണ് ഫിഫ അച്ചടക്ക നടപടിയെടുത്തത്.
ഓഗസ്റ്റിൽ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരുന്നു വിവാദ സംഭവം. റൂബിയാലെസിനെ ഫുട്ബോൾ ഭരണസമിതി നേരത്തെ 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഫിഫ നടപടി അനുസരിച്ച്, 2026 വരെ ദേശീയ-അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും പങ്കെടുക്കാൻ റുബിയേസിനെ അനുവദിക്കില്ല.