മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യുവേഫ യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി ടോട്ടനം ഹോട്ട്‌സ്‌പറിന് വലിയൊരു ഊർജ്ജം ലഭിച്ചിരിക്കുകയാണ്. കാൽക്കുഴയിലെ പരിക്കിനെത്തുടർന്ന് കളത്തിന് പുറത്തായിരുന്ന ദക്ഷിണ കൊറിയൻ മുന്നേറ്റ താരം സോൺ ഹ്യൂങ്-മിൻ ഫൈനലിന് മുൻപായി കളിക്കാൻ ഫിറ്റ്നസ് വീണ്ടെടുക്കുകയാണ്. തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തിയ താരം തലേദിവസം ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ സബ്ബായി ഇറങ്ങിയിരുന്നു.

സണ്ണിൻ്റെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും, ദീർഘകാലമായി കാത്തിരിക്കുന്ന കിരീടം നേടാൻ ടീമിന്റെ കൂട്ടായ പ്രകടനം നിർണായകമാകുമെന്നും പരിശീലകൻ ആംഗെ പോസ്റ്റെകോഗ്ലൂ വ്യക്തമാക്കി. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ, 17 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ടോട്ടൻഹാമിന് ലഭിക്കുന്ന അവസരമാണ്.
32 കാരനായ സോൺ തൻ്റെ കരിയറിലെ ആദ്യ കിരീടം ലക്ഷ്യമിടുകയാണ്. ഈ സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലീഗ നേടിയ തൻ്റെ മുൻ സ്ട്രൈക്ക് പങ്കാളിയായ ഹാരി കെയ്നിൻ്റെ പാത പിന്തുടരാനാണ് സൺ ശ്രമിക്കുന്നത്. 173 ഗോളുകളുമായി ടോട്ടൻഹാമിൻ്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സോൺ.