യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിട്ടു. താരം ലോണിൽ അല്ല ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചാണ് ക്ലബ് വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. സ്ലോവേനിയൻ ക്ലബ്ബായ എൻ.കെ.ഒലിംപിജ ലുബ്ലിയാനയ്ക്കൊപ്പം ആയിരുന്നു സോം കുമാർ മുമ്പ് കളിച്ചിരുന്നത്. തരം സ്ലൊവേനിയയിലേക്ക് തന്നെയാണ് പോകുന്നത്.
19- കാരനായ സോം കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ 4 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിരുന്നു.
2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബാംഗ്ലൂരിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തൻ്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. ബോക ജൂനിയേഴ്സ് അക്കാദമിയിലും BYFL അക്കാദമിയിലും അദ്ദേഹത്തിൻ്റെ കഴിവുകൾ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. അദ്ദേഹത്തിൻ്റെ യൂറോപ്യൻ ഫുട്ബോൾ കരിയർ 2020-ൽ സ്ലോവേനിയയിലെ എൻകെ ബ്രാവോയ്ക്കൊപ്പം ആരംഭിച്ചു. എൻ കെ ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം,സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ NK ബ്രാവോയുടെയും NK ക്രാക്ക U19 ടീമുകളിൽ ഇടം നേടി, ഒടുവിൽ 2023 ഫെബ്രുവരിയിൽ NK ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിലേക്ക് നയിച്ചു. ക്ലബിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി തുടങ്ങിയെങ്കിലും, സോമിന്റെ അസാധാരണമായ കഴിവുകൾ അവനെ NK ഒളിമ്പിജ ലുബ്ലിയാനയുടെ u -19 ന്റെ സ്ഥിരം ഗോൾകീപ്പർ ആക്കി മാറ്റി. തുടർന്ന്, യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയുടെ U16, U17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയിൽ നടന്ന 2022 SAFF U-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ U20 ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിൻ്റെ പ്രകടനം ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. 2023-ൽ, കുവൈറ്റിൽ നടന്ന AFC U-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൻ്റെ ഭാഗമായിരുന്ന സോം, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 2023 SAFF U-19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായി.