ഹരിയാനയിലെ റോത്തക്കിൽ ജനുവരി 4 ന് ആരംഭിക്കുന്ന നാലാമത് ദേശീയ സ്റ്റുഡന്റസ് ഒളിംപിക്‌സിൽ കേരളത്തിന്റെ പ്രതിനിധികളായ അരീക്കോട് പുത്തലം സോക്കർ അക്കാദമി ടിം ഇന്നു യാത്ര തിരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചു നടന്ന സ്‌റ്റേറ്റ് ചാംപ്യൻഷിപ്പിലൂടെ ആണ് സോക്കർ അക്കാദമിയുടെ താരങ്ങൾക്ക് കേരളത്തെ പ്രധിനിധികരിക്കുവാനുള്ള അവസരം ലഭിച്ചത്.
ഒന്നര വർഷം മുമ്പ് ഒരുക്കൂട്ടം ചെറുപ്പക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായി അരീക്കോട് പുത്തലം എന്ന പ്രദേശത്ത് സ്ഥാപിതമായ അക്കാദമി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രശംസനീയമായ നേട്ടങ്ങളാണ്കൈ വരിച്ചിട്ടുള്ളത്. പുത്തലം പ്രദേശത്തെ കുറച്ച് ചെറുപ്പക്കാരാണ് അക്കാദമിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. എം പി ബി ഷൗക്കത്ത്, റാഷിദ് നാലകത്ത്, നിഷാദ് ടി ടി, ഫർസാദ് ടി ടി, മെഹബൂബ് സി പി, പ്രകാശൻ പി, എന്നിവരാണ് അക്കാദമിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.
മറ്റു അക്കാദമികളിൽ നിന്നും വ്യത്യസ്തമായി കുട്ടികളിൽ നിന്നും ഒരു രൂപ പോലും പിരിക്കാതെ , തങ്ങളുടെ തുച്ചമായ വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവച്ചാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്തുന്നത്. അക്കാദമിയുടെ നെടുംതൂണായ ഈ ആറ് യുവാക്കളിൽ റാഷിദ് നാലകത്ത് മാത്രമാണ് ഫുട്‌ബോൾ രംഗത്ത് സജീവമായി നിലകൊള്ളുന്നത്, ബാക്കി അഞ്ച് പേർ നാട്ടിൽ ചെറു ജോലികൾ ചെയ്യുന്നവരാണ്.
25 താരങ്ങളെ വച്ച് ആരംഭിച്ച അക്കാദമി യിൽ ഇപ്പോൾ 120 താരങ്ങൾ പരിശീലിക്കുന്നുണ്ട്. ഇതിൽ 20 ഓളം താരങ്ങൾക്കാണ് കേരളത്തെ പ്രധിനിധീകരിക്കുവാനുള്ള അവസരം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരുവർഷ കാലയളവ് കൊണ്ട് അനേകം മികവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ ഈ അക്കാദമിക്ക് സാധിച്ചു. മുൻ മഹിന്ദ്ര യുണൈറ്റഡ് താരം കെ അനീസ്, മുൻ ഈസ്റ്റ് ബംഗാൾ താരം അസീം, മുഹമ്മദ് അനാസിൽ എന്നിവരാണ് അക്കാദമിയുടെ മുഖ്യ പരിശീലകർ.
ഇവരുടെ കീഴിൽ ഒന്നര വർഷത്തോളം പരിശീലനം ചെയ്ത താരങ്ങളാണ് ഹരിയാന യിലെ റോത്തക്കിലേക്ക് യാത്ര തിരിക്കുന്നത്. 4-ആം തീയതി വൈകീട്ട് 5 മണിക്കാണ് ടീമിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial