“ദി വിന്നർ ഈസ് ഖത്തർ”
2010 ഡിസംബർ രണ്ടിന് ഫിഫ ആസ്ഥാനത്ത് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ പ്രഖ്യാപനത്തോടെ തുടങ്ങുന്നു ഖത്തർ ലോകകപ്പിലേക്കുള്ള നാൾവഴികൾ. ഒരു ഏഷ്യൻ-അറബ് രാജ്യമായത് കൊണ്ട് യൂറോപ്യൻ തത്പരകക്ഷികൾ സൃഷ്ടിച്ച പുകിലുകളെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടന്നുകൊണ്ട് ഖത്തർ തങ്ങളിലേൽപിക്കപ്പെട്ട ദൗത്യത്തെ അതുല്യമായി പൂർത്തീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകൾ മുതൽ സമാപനം വരെയും നല്ല വിശേഷങ്ങൾ ഖത്തറിൽ നിന്ന് പുറത്തു വന്നുകൊണ്ടിരുന്നു. അതിന് ശേഷവും സുഗന്ധമുള്ള ഓർമ്മകൾ പ്രസരിച്ചു കൊണ്ടേയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന ഖ്യാതിയുള്ള ഖത്തറിൽ നിന്ന് പലരും പ്രതീക്ഷിച്ചത് പനക്കൊഴുപ്പിന്റെ പ്രദർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ സമ്പൽസമൃദ്ധിയേക്കാൾ സാംസ്കാരിക സമ്പന്നതയെ ഉയർത്തിക്കാട്ടാനാണ് ആതിഥേയരാഷ്ട്രം തുടക്കം മുതൽ ശ്രമിച്ചത്. വിഖ്യാത അഭിനേതാവ് മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഖത്തരി യുവസംരംഭകൻ ഗനീം അൽമുഫ്തഹും ചേർന്നുള്ള ഉദ്ഘാടന ചടങ്ങിലെ സംഭാഷണം അതിന്റെ മകുടോദാഹരണമായിരുന്നു. ലോകത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും, വിഘടനത്തിനും വർഗ്ഗീയതയ്ക്കും ഇന്ധനമാക്കുന്നതിനോടുള്ള സങ്കടമാണ് മോർഗന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. അതിന് പരിഹാരം തേടിക്കൊണ്ടായിരുന്നു ഗനീമിനോട് അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടിയായി ഗനീം ഒരു ഖുർആൻ സൂക്തം പാരായണം ചെയ്യുകയാണ്: “മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ പല രാജ്യങ്ങളും ഗോത്രങ്ങളും ആക്കിത്തീർത്തത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്” എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സൂക്തം. തുടർന്ന് നടക്കുന്നതും ഖത്തറിന്റെ ആതിഥേയത്വത്തെ കുറിച്ച് പലരും പ്രകടിപ്പിച്ച ആശങ്കകൾക്കുള്ള മധുരോദാത്തമായ മറുപടികളാണ്. അതിരുകൾക്കെല്ലാമപ്പുറം നമ്മളെല്ലാം സഹോദരങ്ങളാണ് എന്ന് ഗനീം വിളംബരം ചെയ്യുന്നു.
ഖത്തറിന് എങ്ങനെ ലോകകപ്പ് ആതിഥേയത്വം ലഭിച്ചു എന്നതിന്റെ ഉത്തരം അതിനായി ബിഡ് നൽകുമ്പോൾ ശൈഖ മോസ ബിൻത് നാസർ നടത്തിയ പ്രസംഗത്തിലുണ്ട്:
ബഹുമാനപ്പെട്ട കമ്മിറ്റി മുൻപാകെ എനിക്ക് ഉന്നയിക്കാനുള്ളത് ഒരു ചോദ്യമാണ്. മധ്യപൗരസത്യ ദേശത്തേക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാണ് വിരുന്നുവരിക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന് ഈ ലോകമാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എപ്പോഴാണ് ബോധ്യപ്പെടുക?
ഖത്തറിനും റഷ്യക്കും ലോകകപ്പ് വേദികൾ അനുവദിക്കുമ്പോൾ, ഫുട്ബോളിന്റെ വികാസത്തെ പറ്റി പറഞ്ഞുകൊണ്ടും സന്തോഷം പങ്കുവെച്ചുമാണ് സെപ് ബ്ലാറ്റർ സംസാരിച്ചത്. റഷ്യക്കും ദക്ഷിണാഫ്രിക്കക്കും വേദി അനുവദിച്ച അതേ ന്യായത്താൽ തന്നെയാണ് ഖത്തറിനും വേദി ലഭിച്ചത്.
അവിടെ സങ്കുചിതത്വമുണ്ടോ? അസഹനീയമായ ചൂടുണ്ടോ? തീവ്രവാദമുണ്ടോ എന്നെല്ലാം ആശങ്കപ്പെട്ടാണ് ചിലരെങ്കിലും ഖത്തറിലേക്ക് കാലെടുത്തുവെച്ചത്. എല്ലാ ആശങ്കകളെയും ദൂരീകരിക്കുന്ന ആതിഥേയത്വമായിരുന്നു ഖത്തറിന്റേത്. സ്റ്റേഡിയത്തിന് സമീപത്ത് മിഠായിയും പാനീയങ്ങളുമായി, പുഞ്ചിരിയുമായി ഖത്തറിന്റെ ബാല്യം അതിഥികളെ എതിരേറ്റു. ഏറ്റവും മികച്ച സുരക്ഷയും താമസ സൗകര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കളിപ്രേമികൾക്കായി ഒരുക്കി. ചൂടിനെ തണുപ്പിക്കാൻ സ്റ്റേഡിയങ്ങൾക്കകത്ത് കേന്ദ്രീകൃത ശീതീകരണ സംവിധാനം സ്ഥാപിച്ച് ഏവരെയും അമ്പരപ്പിച്ചു. മദ്യം ആവശ്യമുള്ളവർക്ക് താമസ സ്ഥലത്തും ഫാൻ പാർക്കുകളിലും അതിനായി സൗകര്യമുണ്ടാക്കി. പ്രഗത്ഭ കളിയെഴുത്തുകാരൻ ഡോ: മുഹമ്മദ് അഷ്‌റഫിന്റെ ഭാഷ കടമെടുത്താൽ, “മതപരവും സാംസ്കാരികവുമായ ആചാരങ്ങൾ കാരണം മത്സരങ്ങൾ ഒഴിവാക്കണമെന്ന് വാശിപിടിച്ചവർക്ക് ഓരോ ഗ്ലാസ് ഷാംപെയിൻ ഒഴിച്ചുകൊടുത്തു കൊണ്ടവർ പറഞ്ഞത്, “അസഹിഷ്ണുതയുള്ളവരല്ല തങ്ങളുടെ ജനത” എന്നായിരുന്നു. അതിഥികളുടെ ഏതാവശ്യവും അവർ നിറവേറ്റും. സന്ദർശകർക്ക് താമസ സ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും മദ്യം ഉപയോഗിക്കാം.”
ആതിഥേയത്വത്തിന് പേരുകേട്ട അറബ് പാരമ്പര്യത്തെ ഖത്തർ വെളിവാക്കിയപ്പോൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ കളത്തിനകത്ത് കളിമികവിനാൽ വിസ്മയങ്ങൾ കാണിച്ചു. ഓസ്‌ട്രേലിയ അടക്കം 3 എ എഫ് സി രാജ്യങ്ങൾ നോകൗട്ട് റൗണ്ടിൽ പ്രവേശിച്ചത് അതിന്റെ തെളിവായിരുന്നു. ഇക്കുറി കിരീടമണിഞ്ഞ അർജന്റീനയെ ആദ്യമത്സരത്തിൽ തന്നെ തോൽപിച്ച് സൗദി അറേബ്യയാണ് വിപ്ലവങ്ങൾക്ക് തുടക്കമിട്ടത്. ജർമനിയെയും സ്പെയിനിനെയും തകർത്ത് ജപ്പാൻ സമുറായികൾ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിനെ ഏഷ്യയുടെ പേരിലേക്ക് എഴുതിച്ചേർത്തു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് അടിയറവ് പറഞ്ഞത്. വെയിൽസിനെ ഇറാൻ മടക്കിയപ്പോൾ സൗത്ത് കൊറിയ പോർച്ചുഗലിനെ വീഴ്ത്തിയതും ആവേശകരമായി. കളത്തിൽ മികച്ചു നിന്ന ജപ്പാൻ ടീം ഡ്രസിങ് റൂം വൃത്തിയാക്കി മാതൃകയായപ്പോൾ, ഗാലറി മലിനമുക്തമാക്കാൻ ജപ്പാൻ ആരാധകരും രംഗത്തിറങ്ങി. ഏഷ്യൻ രാജ്യങ്ങളുടെ മഹിതമായ സംസ്കാരത്തെ ലോകത്തിന് മുന്നിൽ ഒന്നുകൂടി ഉയർത്തിക്കെട്ടിയാണ് ജാപ്പനീസ് പോരാളികൾ തിരികെ വണ്ടികയറിയത്.
സെമി ലൈനപ് വന്നപ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യം ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ആയിരുന്നു. യാസീൻ ബോണോ എന്ന ഗോൾകീപ്പറുടെ മികവിൽ സാക്ഷാൽ റൊണാൾഡോയെയും മടക്കിയയച്ചാണ് അവർ സെമി പ്രവേശം സാധ്യമാക്കിയത്. ആദ്യമായി ലോകകപ്പ് സെമിയിലെത്തുന്ന ആഫ്രിക്കൻ രാഷ്ട്രമെന്ന ഖ്യാതി അതോടെ മൊറോക്കോ നേടി. അശ്റഫ് ഹക്കീമിയും സോഫിയാൻ ബൗഫലും അവരുടെ അമ്മമാർക്കൊപ്പം ആഹ്ലാദനൃത്തം ചെയ്തത് ലോകകപ്പിലെ സുന്ദരമായ കാഴ്ചകളിലൊന്നായി.
സംഭവം നടന്നത് ഖത്തറിലാണെങ്കിലും അക്ഷരാർഥത്തിലത് മലയാളികളുടെ കൂടി ലോകകപ്പായി. മിക്ക മലയാള മാധ്യമങ്ങളുടെ പ്രതിനിധികളും ഖത്തറിലേക്ക് പറന്നു. പ്രവാസികൾ കൂട്ടത്തോടെ ഗാലറി കയ്യടക്കി. നിരവധി മലയാളി ചെറുപ്പക്കാർ വോളന്റിയർ ടാഗുമായി നഗരങ്ങൾ കീഴടക്കി. ടിവിയിലും ഫോണിലും മാത്രം കണ്ടിരുന്ന മെസ്സിയും റൊണാൾഡോയും നെയ്മറും എംബാപെയുമടങ്ങുന്ന നക്ഷത്രങ്ങൾ മലയാളികളുടെ കണ്മുന്നിൽ പൂർണ്ണശോഭയോടെ, ഉടലോടെ പ്രത്യക്ഷരായി. ജീവിതാഭിലാഷമായി പലരും കരുതിപ്പോന്നിരുന്ന ലോകോത്തര താരങ്ങളെ കാണലും അവരുടെ കളി കാണലും ഒരു ഫിഫ ലോകകപ്പ് കാണലുമെല്ലാം ഖത്തർ ലോകകപ്പോടെ സാധ്യമായി. ഇതിനെല്ലാം പുറമേ, അർജന്റീനയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള കേരളത്തിലുള്ളവർക്ക് അർജന്റീന ലോകകപ്പ് ജേതാക്കളാകുന്നത് നഗ്നനേത്രങ്ങളാൽ ദൃശ്യമായി.
യൂറോപ്പിന്റെ മുട്ടാപ്പോക്ക് വാദങ്ങളെല്ലാം എരിഞ്ഞടങ്ങിയ ഖത്തർ മണ്ണിൽ ഒടുക്കം ഒരു യൂറോപ്പേതര രാജ്യം കിരീടം ചൂടി. ലയണൽ മെസ്സിയെന്ന ലാറ്റിനമേരിക്കൻ ഫുട്ബോൾ ദേവൻ ഫിഫ ലോകകപ്പ് കിരീടം തൊട്ടു, ചുംബിച്ചു. ലോക ഫുട്ബോളിന്റെ പുതിയ ‘അമീറി’നെ പട്ടാഭിഷേകം ചെയ്യാൻ ഖത്തർ അമീർ തമീം അൽതാനി ‘ബിശ്ത്’ എന്ന പരമ്പരാഗത അറേബ്യൻ രാജകീയ മേൽക്കുപ്പായവുമായെത്തി. തമ്മിൽ തർക്കിക്കാനും തല്ലുകൂടാനുമല്ല, സംവദിക്കാനും ചേർന്നിരിക്കാനുമാണ് വൈവിധ്യങ്ങൾ എന്ന്, ഏഷ്യയും ലാറ്റിനമേരിക്കയും ചേർന്ന് ബിബിസി അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങളെ പഠിപ്പിച്ചു.
ഖത്തറിനെ ഉപരോധിച്ച് വിഷമവൃത്തത്തിലാക്കിയ ഗൾഫ് രാഷ്ട്രങ്ങളെ പരാമർശിക്കാതെ ഈ എഴുത്ത് പൂർണ്ണമാകില്ല. അന്ന് ഇച്ഛാശക്തി കൊണ്ട് പിടിച്ചുനിന്ന ഖത്തറിന് വേണമെങ്കിൽ ആ വിഷയം മനസ്സിൽ കൊണ്ടുനടക്കാമായിരുന്നു. എന്നാൽ സഊദി ജയിച്ചപ്പോൾ അവരുടെ സ്‌കാർഫ് ചുമലിലണിഞ്ഞ് ആഹ്ലാദത്തിൽ പങ്കുചേരുന്ന ഖത്തർ അമീർ ശൈഖ് തമീമിനെയാണ് ക്യാമറക്കണ്ണുകളിലൂടെ ലോകം ദർശിച്ചത്. സ്നേഹോഷ്മളതയുടെ, വിട്ടുവീഴ്ചയുടെ നയതന്ത്രപാഠങ്ങൾ കൂടിയാണ് ഖത്തർ ലോകത്തിന് പകർന്നത്.
മുൻധാരണകളുടെ മുഷിഞ്ഞ വാടയെ അകറ്റുന്ന സാംസ്കാരിക സുഗന്ധമാണ് ഖത്തറിൽ അതിഥികൾ അനുഭവിച്ചത്. സ്വദേശികളും പ്രവാസികളുമായ അവിടത്തുകാർ ആതിഥേയത്വത്തിന്റെ നവ്യാനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ലോകമാമാങ്കത്തിന് തിരശീല വീഴുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നേടിയാണ് ഖത്തർ മിഴിയടക്കുന്നത്. എക്കാലത്തെയും മികച്ച ലോകകപ്പാണിതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും അടിവരയിടുന്നു. അതിഥികൾക്കും നല്ലതല്ലാത്തതൊന്നും പറയാനില്ല. ആരോപണങ്ങൾക്കും ആശങ്കകൾക്കും ആ കൊച്ചു ഏഷ്യൻ രാജ്യം നമുക്ക് കൂടി അഭിമാനമായ് ഉത്തരമേകിയിരിക്കുന്നു. സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം ആവർത്തിക്കാം: “ദി വിന്നർ എസ് ഖത്തർ!”. ഹൃദയം ജയിച്ചവരേ, ശുക്റൻ!
റഫറൻസ്: ഖത്തർ ലോകകപ്പ് ഫുട്ബോൾ: കനൽവഴികൾ താണ്ടിയ വിസ്മയം/ഡോ: മുഹമ്മദ് അഷ്റഫ്