എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ആയ ഷാജി പ്രഭാകരനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി ഡെൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഷാജി പ്രഭാകരന്റെ പരാതിയിൽ ആണ് സ്റ്റേ ഉത്തരവ്. ഷാജി പ്രഭാകരനെ എ ഐ എഫ് എഫ് പുറത്താക്കിയത് ന്യായമായല്ല എന്ന് അന്നു തന്നെ ഷാജി പ്രഭാകരൻ പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോൾ പകരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സത്യനാരായൺ ആണ് സെക്രട്ടറി പദവിയിൽ ഇരിക്കുന്നത്.
2022 സെപ്റ്റംബറിൽ ആയിരുന്നു ഷാജി പ്രഭാകരൻ എ ഐ എഫ് എഫ് സെക്രട്ടറി ആയി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു ഷാജി പ്രഭാകരൻ. എഐഎഫ്‌എഫിൽ വിഷൻ ഡയറക്ടറായി കരിയർ ആരംഭിച്ച പ്രഭാകരൻ മുമ്പ് ഫിഫയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കോടതി ഇടപെടൽ വന്നതോടെ ഫിഫ ഇന്ത്യയെ വിലക്കാനുള്ള സാധ്യതകൾ വീണ്ടും ഉയർന്നു. എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ല എങ്കിൽ ഫിഫയുടെ ഭാഗത്ത് നിന്ന് നടപടികൾ വരാം. ഒരു വർഷം മുമ്പ് ഇന്ത്യക്ക് ഫിഫയുടെ വിലക്ക് കിട്ടിയിരുന്നു. അന്ന് സുപ്രീം കോടതിയുടെ ഇടപെടലുകൾ ആയിരുന്നി പ്രധാന പ്രശ്നം.