സെവൻസ് ഫുട്ബോളിന്റെ ഉന്നമനത്തിനും സെവൻസ് കൂടുതൽ പേരിൽ എത്തിക്കാനുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ സോക്കർസിറ്റി വാട്സാപ്പ് ഗ്രൂപ്പിന്റെ നാലാമത് സോക്കേറിയൻസ് മീറ്റ് കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്നു. മഞ്ചേരി ഫർസ റെസ്റ്റോറന്റിൽ നടന്ന ഒത്തുചേരലിൽ സോക്കർ സിറ്റി വാട്സാപ്പിലെ ഭൂരിഭാഗം അംഗങ്ങളും ഒപ്പം ഫുട്ബോൾ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖരും പങ്കെടുത്തു. ഫുട്ബോൾ സംബന്ധമായ ചർച്ചകളും ഒത്തുചേരലിന്റെ സന്തോഷം പങ്കിടലിനും പുറമെ ചില നല്ല കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള വേദിയായും സോക്കേറിയൻസ് മീറ്റ് മാറി.
ഫുട്ബോൾ താരമായിരുന്ന കുണ്ടറ സ്വദേശി ഷാജിയെ സഹായിച്ച് കൊണ്ട് ഫുട്ബോൾ സമൂഹത്തിന് മാതൃകയാകാനും സോക്കർ സിറ്റിക്ക് ഇന്നലെ ആയി. എല്ലാ വർഷവും ഫുട്ബോൾ രംഗത്തുള്ള കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ സോക്കർ സിറ്റിക്ക് ആവാറുണ്ട്. കഴിഞ്ഞ സോക്കേറിയൻസ് മീറ്റിൽ സെവൻസ് ഫുട്ബോൾ രംഗത്ത് സജീവമായ സോക്കർ ഷൊർണ്ണൂർ മാനേജർ കെ കെയ്ക്ക് ഭവന നിർമ്മാണ സഹായം നൽകാൻ സോക്കർ സിറ്റി കൂട്ടായ്മക്ക് ആയിരുന്നു. ആദ്യ സോക്കോറിയൻ മീറ്റിൽ കണ്ണൂർ സ്വാദേശി അഷ്ഫാഖിൻഹ്ം, രണ്ടാം സോക്കേറിയൻ മീറ്റിൽ മുൻ ബെയ്സ് പെരുമ്പാവൂർ മാനേജർ കുമാരേട്ടന്റെ കുടുംബത്തിനും സഹായം എത്തിച്ചിരുന്നു.
സോക്കേറിയൻ മീറ്റിന് സോക്കർ സിറ്റി അഡ്മിൻ റുജീഷ് തിരൂർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി എസ് എഫ് എ സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് മാസ്റ്റർ, എസ് എഫ് എ മലപ്പുറം ജില്ലാ പ്രസിഡന്റ് യാഷിക് മഞ്ചേരി, എസ് എഫ് എ മലപ്പുറം ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, മുൻ സന്തോഷ് ട്രോഫി താരങ്ങളായ ലേണൽ തോമസ്, ആസിഫ് സഹീർ എന്നിവർ പങ്കെടുത്തു . സോക്കർ സിറ്റി അഡ്മിന്മാരായ ബാബു കാപിച്ചാൽ സ്വാഗതവും, സോക്കർ സിറ്റി മെമ്പർ ഡോക്ടർ റഹീസ് നന്ദിയും പറഞ്ഞു.
കഴിഞ്ഞ സീസണിൽ സെവൻസിൽ മികച്ചു നിന്നവർക്കുള്ള അവാർഡ് ദാനവും സോക്കർസിറ്റി ലൈവ് കമന്ററിയുമായി സഹകരിച്ച റിപ്പോർട്ടർമാർക്കുള്ള സമ്മാന ദാനവും ആസിഫ് സഹീർ നിർവഹിച്ചു. മീറ്റിനോട് അനുബന്ധിച്ച് സോക്കർ സിറ്റി അംഗങ്ങൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ പ്യാരി പരിശീലിപ്പിച്ച സ്പാർടൻസ് ചാമ്പ്യന്മാരായി.
അഞ്ചു വർഷം മുമ്പ് സെവൻസ് ഫുട്ബോളിന്റെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച സോക്കർസിറ്റി വാട്സാപ് കൂട്ടായ്മ ഇന്ന് സെവൻസ് ഫുട്ബോളിന്റെ വളർച്ചയ്ക്കു വേണ്ടി നിരവധി സംഭാവനകൾ ചെയ്യുന്നുണ്ട്. സെവൻസ് ഫുട്ബോളിലെ ഫിക്സ്ചർ റിസൾട്ടുകൾ എത്തിക്കുന്നത് മുതൽ ലൈവ് കമന്ററിയും കാരുണ്യ പ്രവർത്തനങ്ങളുമൊക്കെ ആയി ഫുട്ബോൾ ലോകത്ത് സജീവമാണ് സോക്കർ സിറ്റി. ബാരി കണ്ണിയാൻ, റുജീഷ് തിരൂർ, ഹസൻ പൊന്നൂസ്, ഷഫീഖ് മുട്ടിപ്പാലം, അൻവർ തിരൂർ, ബാബു കാപിചാൽ എന്നീ അഡ്മിനുകളുടെ നേതൃത്വത്തിൽ ആണ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.