സെവൻസ് ഫുട്ബോൾ ഈ സീസൺ നടക്കുമോ? നഷ്ടം ആർക്ക്!?

Img 20200117 Wa0009

കേരളത്തിലെ പ്രാദേശിക ഫുട്ബോളിൽ സെവൻസ് ഫുട്ബോൾ എന്നത് ഒഴിച്ചു കൂടാൻ ആവാത്തതാണ്. എന്നാൽ സെവൻസ് ഫുട്ബോൾ ഇപ്പോൾ എവിടെയാണ്? എന്താണ് സെവൻസിന്റെ ഈ സീസണിലെ അവസ്ഥ? സെവൻസ് ഫുട്ബോൾ അനിശ്ചിതത്വത്തിലാണ് എന്നതാണ് ഉത്തരം. കൊറോണ കാരണം ലോകത്തെ ബഹുഭൂരിഭാഗം മേഖലകളും പ്രതിസന്ധിയിലായത് പോലെ കേരളത്തിലെ സെവൻസ് ഫുട്ബോളും അതീവ പ്രതിസന്ധിയിലായി. കഴിഞ്ഞ മാർച്ചിൽ സെവൻസ് സീസൺ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ നിൽക്കുമ്പോൾ ആയിരുന്നു കൊറോണ വന്നത്.

സീസൺ പകുതിക്ക് അവസാനിച്ചപ്പോൾ കടത്തിലായത് നിരവധി കമ്മിറ്റികളും മാനേജർമാരും സ്പോൺസർമാരും ആണ്. ഒപ്പം സെവൻസിനെ ആശ്രയിച്ച് അന്നം കണ്ടെത്തിയിരുന്ന കേരളത്തിലെ താരങ്ങളും വിദേശ താരങ്ങളും വഴിമുട്ടി നിൽക്കേണ്ടി വന്നു. വിദേശ താരങ്ങളിൽ പലരും ഇപ്പോഴും കേരളം വിട്ട് നാട്ടിലേക്ക് പോകാൻ ഗതി ഇല്ലാത്ത അവസ്ഥയിലാണ്. മത്സരങ്ങൾ നടക്കുന്നില്ല എന്നതിനാൽ വിദേശ താരങ്ങളുടെ ചിലവു കഴിഞ്ഞ് പോകുന്നത് പോലും സന്മനസ്സുള്ള നാട്ടുകാരുടെ സഹായം കൊണ്ടാണ്.

സെവൻസിന് ഈ സീസണിൽ മാത്രമായിരുന്നില്ല പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നത്. കൊറോണയ്ക്ക് മുമ്പുള്ള രണ്ട് സീസണുകളിലും പ്രളയം നാടിനെ ബാധിച്ചത് സെവൻസിലെ ജനകീയ പങ്കാളിത്തം കുറച്ചിരുന്നു. ആ സീസണുകളിൽ താരങ്ങളും കമ്മിറ്റികളും ഒക്കെ സെവൻസിലെ വരുമാനങ്ങൾ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ച് മാതൃക ആയതും കാണാൻ കഴിഞ്ഞു. മുമ്പ് നോട്ട് നിരോധനം വന്നപ്പോഴും സെവൻസ് ഗ്യാലറികളിൽ ആളുകൾ എത്താൻ മടിച്ചത് കണ്ടതാണ്.

ഈ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്തും ഒരോ സീസണിലും ആയിരത്തിലധികം മത്സരങ്ങളും അമ്പതിൽ അധികം സെവൻസ് ടൂർണമെന്റുകളും കാണാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ അങ്ങനെ ഒരു സെവൻസ് രാത്രി കാണാൻ കഴിഞ്ഞേക്കില്ല. സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ ഇത്തവണ സെവൻസ് സീസൺ നടക്കാൻ സാധ്യത ഇല്ല. കൊറോണ തന്നെയാണ് വില്ലൻ.

ഇപ്പോഴും ഔദ്യോഗിക തീരുമാനങ്ങൾ ഒന്നും വന്നില്ല എങ്കിലും ദിവസവും കൊറോണ വ്യാപനം കൂടുക മാത്രം ചെയ്യുന്ന സാഹചര്യത്തിൽ ഗ്യാലറി ടിക്കറ്റുകളെ മാത്രം ആശ്യയിച്ചു മുന്നോട്ടു പോകുന്ന ടൂർണമെന്റുകൾ എങ്ങനെ നടത്താൻ ആകും. നവംബറിൽ ആണ് സാധാരണയായി സെവൻസ് സീസൺ ആരംഭിക്കാറ്. ഇത്തവണ നവംബറിൽ സീസൺ ആരംഭിക്കണം എങ്കിൽ അത്ഭുതങ്ങൾ വല്ലതും നടക്കേണ്ടി വരും. കായിക മത്സരങ്ങൾക്ക് ഗവണ്മെന്റ് അനുമതി നൽകിയാൽ പോലും എത്ര കമ്മിറ്റികൾക്ക് ടൂർണമെന്റുകൾ നടത്താൻ ഇത്തവണ ധൈര്യം കാണും എന്നതും ചോദ്യ ചിഹ്നമാണ്.

ഐ എസ് എല്ലും ഐ ലീഗും യൂറോപ്യൻ ഫുട്ബോളും പോലെ വൻകിടക്കാരല്ല സെവൻസിന് പിറകിലും മുന്നിലും ഉള്ളത് എന്നത് കൊണ്ട് തന്നെ ഒഴിഞ്ഞ ഗ്യാലറികളും കൊറോണ ടെസ്റ്റുകളും ഒന്നും സെവൻസ് അധികൃതകർക്ക് താങ്ങാനും ആവില്ല. സെവൻസിലെ ഒരു സീസൺ നഷ്ടപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ ആഘോഷവും കുറേ യുവതാരങ്ങൾക്ക് ഫുട്ബോൾ കളിക്കാനുള്ള അവസരവും മാത്രമല്ല. ഒപ്പം ഫുട്ബോൾ ഉപജീവനമാർഗം ആയ പല മേഖലകളിൽ ഉള്ളവരുടെ അന്നം കൂടിയാണ്‌

Previous articleബാറ്റിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി, ക്രിസ് മോറിസിന് ആര്‍സിബി അരങ്ങേറ്റം
Next articleഇതെങ്ങനെ സാധിക്കുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ്? അനായാസ ജയം കൈവിട്ട് രാഹുലും സംഘവും