DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 16ആമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ലൈനപ്പായി. ഫൈനലിൽ നെക്സൽ ഷൂട്ടേഴ്സ് പടന്നയും ടൗൺ എഫ് സി തൃക്കരിപ്പൂരും തമ്മിലാകും ഏറ്റുമുട്ടുക. നാളെയാകും ഫൈനൽ നടക്കുക.
ഇന്നലെ നടന്ന സെമി ഫൈനലിൽ ഗ്രീൻ ചലഞ്ചേഴ്സ് മാവിലാടനെ പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്സ് പടന്ന ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സ് പടന്നയുടെ വിജയം. ഷൂട്ടേഴ്സ് പടന്നയ്ക്കായി സെമിയിൽ ബിജു കുമാർ, ആസിഫ് കൊട്ടയിൽ, നജേഷ് തുടങ്ങിയ പ്രമുഖർ കളത്തിൽ ഇറങ്ങിയിരുന്നു. പയ്യന്നൂരിൽ ഇതിനു മുമ്പ് മൂന്ന് തവണ ഷൂട്ടേഴ്സ് പടന്ന കിരീടം ഉയർത്തിയിട്ടുണ്ട്.
സെമിയിൽ സൂപ്പർ സോക്കർ ബീച്ചാരിക്കടവിനെ തോൽപ്പിച്ചാണ് എഫ് സി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. എഫ് സി തൃക്കരിപ്പൂരിനായി ഏലിയാസ്, എഡ്വാർഡ്, ഡിങ്കൻ തുടങ്ങി പ്രമുഖ താരങ്ങളും കളിച്ചിരുന്നു. പയ്യന്നൂരിലെ തങ്ങളുടെ ആദ്യ കിരീടമാകും തൃക്കരിപ്പൂർ നാളെ ലക്ഷ്യമിടുക.