കല്പകഞ്ചേരിയിൽ കുംസൺ ഹാട്രിക്കിന്റെ മികവിൽ ലിൻഷാ മണ്ണാർക്കാടിന് കിരീടം

Newsroom

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം ജയിച്ച് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കിരീടം ഉയർത്തി. കിരീട പോരാട്ടത്തിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയാണ് ലിൻഷാ മെഡിക്കൽസ് സീസണിലെ രണ്ടാം കിരീടം ഉയർത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിൻഷയുടെ ജയം.

കളിയുടെ തുടക്കത്തിൽ മാവൂരിന്റെ ഡിഫൻസിന്റെ പിഴവ് മുതലാക്കിയാണ് ലിൻഷ ആദ്യം മുന്നിലെത്തിയത്‌. പിന്നീട് കുംസണിലൂടെ രണ്ടാമതും ലിൻഷ മാവൂർ വല കുലുക്കി. പിന്നീട് ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ ജവഹർ മാവൂർ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതി തീരും മുന്നെ കുംസണിലൂടെ മൂന്നാമതും ലിൻഷ സ്കോർ ചെയ്തു.

3-1ന് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം മാവൂർ ഒന്ന് കൂടെ മടക്കി 3-2 എന്ന സ്കോറിൽ എത്തി. പക്ഷെ വീണ്ടും കുംസൺ തന്നെ ലിൻഷയുടെ രക്ഷകനായി. കുംസൺ ഹാട്രിക്ക് തികച്ചപ്പോൾ 4-2ന് ലിൻഷ മുന്നിൽ. 56ആം മിനുട്ടിൽ വീണ്ടുൻ സ്കോർ ചെയ്ത് 5-2ന് ലിൻഷ ജയം ഉറപ്പിച്ചു.

മെഡിഗാഡ് അരീക്കോട്, കെ എഫ് സി കാളിക്കാവ് എന്നീ ടീമുകലെ വീഴ്ത്തി കൽപ്പകഞ്ചേരിയിൽ സെമിയിൽ എത്തിയ ലിൻഷ സെമി ലീഗിൽ ഫിഫയെ തോൽപ്പിക്കുകയും സൂപ്പറിനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. ജവഹറുമായും സെമിയിൽ കളിച്ചിരുന്നു. ഗോൾ രഹിത സമനില ആയിരുന്നു ഇരുടീമുകളും കളിച്ചപ്പോഴുള്ള ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial