ജിംഖാന തൃശൂർ കൊയപ്പ സെവൻസ് കിരീടം ഉയർത്തി. സെവൻസിന്റെ ലോകകപ്പ് എന്ന അറിയപ്പെടുന്ന കൊയപ്പ സെവൻസിന്റെ 38ആം ടൂർണമെന്റ് ഫൈനലിൽ ലിൻഷാ മണ്ണാർക്കാടിനെതിരെ 3-1ന് ജയിച്ചാണ് ജിംഖാന കിരീടത്തിൽ മുത്തമിട്ടത്.
കൊടുവള്ളിയിൽ നടന്ന കൊയപ്പ സെവൻസ് ടൂർണമെന്റിന്റെ ഉജ്ജ്വലമായ ഫൈനലിൽ തുടക്കം മുതൽ ജിംഖാനയുടെ ആധിപത്യം ആയിരുന്നു. ന്ന കിരീടം ഉയർത്തി. പത്താം മിനിറ്റിൽ അൽബെറിക്കിന്റെ ഗോളിൽ ലീഡ് നേടിയ ജിംഖാന തൃശൂർ ഫൈനൽ പോസിറ്റീവായി തന്നെ തുടങ്ങി. വലതു വിങ്ങിൽ നിന്ന് സൽമാന്റെ ഒരു ക്രോസിൽ നിന്നായിരുന്നു ആൽബെറികിന്റെ ഫിനിഷ്.
ഈ ഗോളിനോട് നന്നായി പ്രതികരിച്ച ലിൻഷാ മണ്ണാർക്കാട് 21-ാം മിനിറ്റിൽ സാംബോയുടെ പെനാൽറ്റി ഗോളിലൂടെ സമനില കണ്ടെത്തി. എന്നാൽ, 27-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് അൽബെറിക്കിന്റെ മറ്റൊരു ഗോളിലൂടെ ജിംഖാന ഹാഫ് ടൈമിന് മുമ്പ് വീണ്ടും ലീഡ് നേടി.
രണ്ടാം പകുതിയിൽ ലിൻഷാ മണ്ണാർക്കാട് കളിയിലേക്ക് തിരിച്ചുവരാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. പകരം 49-ാം മിനിറ്റിൽ ആൽഫ്രഡിന്റെ വകയുള്ള മൂന്നാം ഗോളിൽ ജിംഖാന തൃശൂർ വിജയം ഉറപ്പിച്ചു.
കൊയപ്പ സെവൻസ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ സ്കൈബ്ലൂ എടപ്പാളിനെ ആയിരുന്നു ജിംഖാന തോൽപ്പിച്ചത്. ആദ്യ റൗണ്ടുകളിൽ എ വൈ സി ഉച്ചാരക്കടവിനെയും റോയൽ ട്രാവൽസിനെയും അവർ പരാജയപ്പെടുത്തിയിരുന്നു. ജിംഖാന തൃശ്ശൂരിന്റെ ഈ സീസണിലെ ആദ്യ ട്രോഫിയാണിത്.