അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ വലിയ ടീമുകളായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് മറക്കാവുന്ന സീസണാണ് ഈ കടന്നു പോയത്. രണ്ടു ടീമുകളുടെയും സമീപ കാലത്തെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു ഇത്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണുമാണ് ഈ കഴിഞ്ഞത്.
ഫിഫ മഞ്ചേരി ഈ സീസണിൽ ഫാൻപോർട്ട് സെവൻസ് റാങ്കിംഗിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് ഈ സെവൻസ് റാങ്കിംഗിൽ 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.
കഴിഞ്ഞ സീസൺ ആയ 2022-23 സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഇതിനു മുമ്പുള്ള ഏറ്റവും മോശം സീസണിൽ. ആ സീസണിൽ ഒരു കിരീടം നേടാൻ പോലും റോയൽ ട്രാവൽസിന് ആയിരുന്നില്ല. അവിടെ നിന്ന് 2 കിരീടം ഈ സീസണിൽ നേടി എന്നത് അവർക്ക് ആശ്വാസമാകും. എന്നാലും മൊത്തത്തിലുള്ള പ്രകടനത്തിൽ അവർ ഇത്തവണ വീണ്ടും പിറകിലോട്ടാണ് പോയത്.
ഫിഫ മഞ്ചേരിക്ക് ആകട്ടെ ഈ സീസൺ ഉൾപ്പെടെ അവസാന മൂന്ന് സീസണുകളും നിരാശയുടേതായിരുന്നു. അവസാന രണ്ട് സീസണിലും ആറാമത് ഫിനിഷ് ചെയ്ത് ഫിഫ മഞ്ചേരി ഇത്തവണ 12 എന്ന റാങ്കിലേക്ക് കൂപ്പുകുത്തി. ആറാം സ്ഥാനത്തിനു താഴെ ഫിഫ ഒരു റാങ്കിംഗിൽ ഫിനിഷ് ചെയ്യുന്നത് ഇതാദ്യമാാണ്. ഒരു കിരീടം നേടാൻ ആയി എന്നത് മാത്രമാകും ഫിഫയുടെ ഈ സീസണിലെ ആശ്വാസം.
ഫിഫയും റോയൽ ട്രാവൽസും മാത്രമല്ല അൽ മദീനയ്ക്കും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല. ഒരു കിരീടം പോലും അവർക്ക് നേടാൻ ആയില്ല. എങ്കിലും ആദ്യ 10ന് ഉള്ളിൽ ഫിനിഷ് ചെയ്യാൻ അവർക്ക് ആയി. അൽ മദീന, ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് ഇവരിൽ ഒരു ക്ലബ് പോലും റാങ്കിംഗിൽ ആദ്യ മൂന്നിൽ എത്താത്ത ആദ്യ സീസണുമാണിത്. സെവൻസിലെ വമ്പന്മാർ അടുത്ത സീസണിൽ ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് സെവൻസ് ആരാധകർ.
2023-24 സെവൻസ് സീസണിലെ ഫൈനൽ റാങ്കിംഗ് അടുത്ത ദിവസം ഔദ്യോഗികമായി പുറത്തുവിടും. മിഴുവൻ ടീമുകളുടെയും ഈ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ സമ്പൂർണ്ണ വിവരം ഈ റാങ്ക്ലിസ്റ്റിൽ ഉണ്ടാകും.