അഖിലേന്ത്യാ സെവൻസ് പുതിയ സീസണ് ഇന്ന് തുടക്കം. കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലൂടെ ആണ് സെവൻസിന്റെ പുതിയ സീസൺ തുടക്കമാകുന്നത്. ഇന്ന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവുമായി ഏറ്റുമുട്ടുന്നു. നവംബർ 9ന് തുടങ്ങേണ്ടിയിരുന്ന സീസൺ പ്രതികൂല കാലാവസ്ഥ കാരണം നീട്ടിയിരുന്നു. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഭാഗമാകും.
അൽ മദീന ചെർപ്പുളശ്ശേരി കഴിഞ്ഞ സീസണിൽ 9 ഫൈനലുകൾ കളിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവർ 4 കിരീടവും നേടി. അവർ സെവൻസ് റാങ്കിംഗിൽ 184 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. എ വൈ സി കഴിഞ്ഞ സീസൺ റാങ്കിംഗിൽ പത്തൊമ്പതാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. അവർ ഒരു കിരീടം നേടിയിരുന്നു.
വരും ദിവസങ്ങളിൽ മറ്റു ടൂർണമെന്റുകൾക്കും തുടക്കമാകും. അവസാന അവസാന വർഷങ്ങളേക്കാൾ ടൂർണമെന്റുകൾ ഈ സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെർപ്പുളശ്ശേരി അഖിലേന്താ സെവൻസും അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ 10 കിരീടങ്ങളുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു ഏറ്റവും മികച്ചു നിന്നത്. സൂപ്പർ സ്റ്റുഡിയോ, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടക്കൽ, കെ എം ജി മാവൂർ, ലിൻഷ മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ സീസണിൽ സെവൻസ് പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇറങ്ങും.