07/ 02 / 2025, ചെന്നൈ: ഇന്ത്യൻ വനിതാ ലീഗിൽ ജയം തുടരാൻ ഗോകുലം കേരളയുടെ വനിതാ ടീം ഇന്ന് കളത്തിലിറങ്ങുന്നു. അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ കരുത്തരായ ഏഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ചാംപ്യൻഷിപ്പിലെ ആറാം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുന്നത്.

ചാംപ്യൻഷിപ്പിലെ തൂടർച്ചയായ നാലാം ജയം തേടിയാണ് മലബാറിയൻസിന്റെ പെൺപട ഇന്ന് ഇറങ്ങുന്നത്. നിലവിൽ അഞ്ച് മത്സരം പൂർത്തിയാക്കിയ ഗോകുലം മൂന്ന് മത്സരത്തിൽ ജയിക്കുകയും രണ്ട് മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്.
11 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീം പട്ടികയിൽ ഒന്നാം സ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കുതിക്കുന്നത്. ആറു മത്സരത്തിൽനിന്ന് 15 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് മത്സരത്തിൽ മൂന്ന് ജയവും ഒന്നു വീതം സമനിലയും തോൽവിയും ഉള്ള സേതു ഫുട്ബോൾ ക്ലബിനെയാണ് ഗോകുലം നേരിടുന്നത്. മത്സരത്തിൽ ആത്മവിശ്വാസം ഉണ്ടെങ്കിലും എതിരാളികളെ ശ്രദ്ധയോടെ നേരിടാനാണ് ടീം തീരുമാനം, പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.
അവസാന മത്സരത്തിൽ ഫസീലയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ടീം ജയം സ്വന്തമാക്കിയത്. ഫൈനൽ തേഡിൽ താരങ്ങൾ ഫോം കണ്ടെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പ്രതിരോധനിര ശക്തമായതിനാൽ ഇതുവരെ കൂടുതൽ ഗോൾ കൺസീഡ് ചെയ്യേണ്ടി വന്നിട്ടില്ല. പരിശീലകൻ കൂട്ടിച്ചേർത്തു. അവസാന മത്സരത്തിൽ ഹോപ്സ് ഫുട്ബോൾ ക്ലബിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടിയ സേതു ജയം തുടരാൻ ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം ആവേശം നിറഞ്ഞതാകും.
വൈകിട്ട് 3.30നു ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം, ചെന്നൈയിൽ വച്ചാണ് മത്സരം. ഇതേസമയത്ത് ഐ ലീഗിൽ ഗോകുലത്തിന്റെ പുരുഷ ടീമിന്റെയും മത്സരം നടക്കുന്നുണ്ട്.