Skysports Fabio Paratici Spurs 6103220

പരാറ്റിസിക്ക് തിരിച്ചടി, ടോട്ടനം വിടേണ്ടി വരും

യുവന്റസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ കൂടുതൽ കടുത്ത നടപടികൾ. യുവന്റസിന് ലീഗിൽ പോയിന്റ് നഷ്ടപ്പെടുത്തിയും ക്ലബ്ബ് ഓഫിഷ്യലുകൾക്ക് മുപ്പത് മാസത്തോളം ബാൻ ഏർപ്പെടുത്തിയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ ഇടപെടാൻ ഫിഫയെ സമീപിച്ച ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ നീക്കം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. ഇതോടെ യുവന്റസ് ഭാരവാഹികൾ നേരിടുന്ന ബാൻ ദേശിയ തലത്തിൽ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് മാറും. നേരത്തെ ഇറ്റലിയിൽ മാത്രമാണ് ഇവർക്ക് തുടർന്ന് സ്ഥാനങ്ങൾ വഹിക്കാൻ കഴിയാതിരുന്നത്. എന്നാൽ ഫിഫയുടെ നടപടിയോടെ മുപ്പത് മാസത്തോളം ഫുട്ബോളുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തും പ്രവർത്തിക്കാൻ ഇവർക്കാവില്ല.

ഇതിൽ ഏറ്റവും വലിയ തിരിച്ചടി നിലവിൽ ടോട്ടനത്തിൽ ഡയറക്ടർ സ്ഥാനത്ത് പ്രവർത്തിക്കുന്ന ഫാബിയോ പരാറ്റിസിക്കാണ്. യുവന്റസ് വിട്ട് 2021 മുതൽ ടോട്ടനത്തിൽ ചേർന്ന് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഇറ്റലിയിൽ ഫുട്ബോൾ അസോസിയേഷന്റെ നടപടികൾ വലിയ തിരിച്ചടി ആയിരുന്നില്ല. എന്നാൽ ഫിഫ ഇടപെട്ടതോടെ ടോട്ടനത്തിലും തന്റെ സ്ഥാനം വഹിക്കാൻ അദ്ദേഹത്തിനാവില്ല. അന്റോണിയോ കോന്റെ സ്ഥാനമൊഴിഞ്ഞ ഈ ഘട്ടത്തിൽ പരാറ്റിസിയെ കൂടി നഷ്ടപ്പെടുന്നത് ടോട്ടനത്തിന് വലിയ തിരിച്ചടി ആണ്. “ഇറ്റാലിയൻ എഫ്.എ യുടെ അപേക്ഷ പ്രകാരം ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചെയർപേഴ്‌സൻ, വിവിധ ഒഫിഷ്യലുകൾക്ക് എഫ്.ഐ.ജി.സി ചുമത്തിയ വിലക്ക് ലോക വ്യാപകമാക്കി ഉയർത്തുന്നു” എന്നായിരുന്നു ഫിഫയുടെ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ കോടതി നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Exit mobile version