റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ബലോൺ ഡി ഓർ പുരസ്കാരം അർഹിക്കുന്നുണ്ടെന്ന് മുൻ റയൽ മാഡ്രിഡ് താരവും പോർച്ചുഗൽ താരവുമായിരുന്ന ലൂയിസ് ഫിഗോ. അതെ സമയം പ്രതിരോധ താരങ്ങൾ ബലോൺ ഡി ഓർ പുരസ്കാരം ജയിക്കാൻ കുറച്ചധികം പ്രയാസപ്പെടേണ്ടി വരുമെന്നും ഫിഗോ പറഞ്ഞു.
പ്രതിരോധ താരങ്ങൾ ബലോൺ ഡി ഓർ പുരസ്കാരം നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മുൻ ഇറ്റാലിയൻ താരം കന്നവരോ അത് സാധിച്ചെടുത്തിരുന്നെന്നും ഫിഗോ പറഞ്ഞു. ഓരോ വർഷത്തെയും സന്ദർഭത്തിന് അനുസരിച്ചാണ് ബലോൺ ഡി ഓർ വിജയിക്കാനാവുകയെന്നും റാമോസ് അത് അർഹിച്ചിരുന്നെന്നും ഫിഗോ പറഞ്ഞു.
റയൽ മാഡ്രിഡിന്റെ കൂടെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റാമോസ് നേടിയിരുന്നു. റയൽ മാഡ്രിഡിൽ റാമോസിന്റെ സഹ താരമായിരുന്ന ലുക്കാ മോഡ്രിച്ചാണ് കഴിഞ്ഞ വർഷം ബലോൺ ഡി ഓർ ജേതാവായത്. ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിൽ എത്തിച്ച പ്രകടനവും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തതുമാണ് മോഡ്രിച്ചിനെ ബലോൺ ഡി ഓർ വിജയിയാക്കിയത്.