ഹീറോ സീനിയർ വനിതാ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 2022-23 ഫൈനൽ റൗണ്ട് ഇന്ന് പഞ്ചാബിലെ അമൃത്‌സറിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ഒഡീഷയും ജാർഖണ്ഡും നേർക്കുനേർ വരും. ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളും ഇന്ത്യൻ ഫുട്ബോളിന്റെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
12 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച അവസാന റൗണ്ട് രണ്ട് വേദികളിലായാണ് നടക്കുന്നത്. മത്സരങ്ങൾ ഒറ്റ റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കും, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ യഥാക്രമം ജൂൺ 25, 26 തീയതികളിൽ നടക്കുന്ന സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂൺ 28 ബുധനാഴ്ച അമൃത്സറിലെ GNDU സ്പോർട്സ് കോംപ്ലക്സിലാണ് ഫൈനൽ.
പഞ്ചാബ്, തമിഴ്‌നാട്, ചണ്ഡീഗഡ്, ഒഡീഷ, കർണാടക, ജാർഖണ്ഡ് എന്നിവ ഗ്രൂപ്പ് എയിലും മണിപ്പൂർ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, റെയിൽവേ, പശ്ചിമ ബംഗാൾ, ഹരിയാന എന്നിവ ഗ്രൂപ്പ് ബിയും പോരാടും.
നിലവിൽ 11 ഗോളുകളുമായി അഞ്ജു ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ. കേരളത്തിൽ നടന്ന, ഹീറോ സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ പതിപ്പിൽ മണിപ്പൂർ ആയിരുന്നു കിരീടം നേടിയത്. അവരുടെ തുടർച്ചയായ മൂന്നാം കിരീടമായിരുന്നു അത്.