ജനുവരി 18-ന് റബാത്തിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ പരിശീലകൻ പാപ്പെ തിയാവിന് അഞ്ച് മത്സരങ്ങളിൽ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (CAF) വിലക്കേർപ്പെടുത്തി. മൊറോക്കോയെ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് പരാജയപ്പെടുത്തി സെനഗൽ രണ്ടാം തവണയും കിരീടം ചൂടിയെങ്കിലും, മത്സരത്തിനിടെയുണ്ടായ അച്ചടക്കലംഘനങ്ങളാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്.
തങ്ങളുടെ ഗോൾ അനുവദിക്കാതിരുന്നതിലും മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി നൽകിയതിലും പ്രതിഷേധിച്ച് താരങ്ങളോട് മൈതാനം വിടാൻ പാപ്പെ തിയാവ് നിർദ്ദേശിച്ചതാണ് പ്രധാന കുറ്റമായി സിഎഎഫ് കണ്ടെത്തിയത്. സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ പിന്നീട് മൈതാനത്തേക്ക് തിരിച്ചെത്തിയത്.
പരിശീലകന് പുറമെ സെനഗൽ താരങ്ങളായ ഇലിമാൻ എൻഡിയേ, ഇസ്മായില സാർ എന്നിവർക്ക് രണ്ട് മത്സരങ്ങളിലും മൊറോക്കൻ താരങ്ങളായ ഇസ്മായിൽ സൈബാരിക്ക് മൂന്ന് മത്സരങ്ങളിലും അഷ്റഫ് ഹക്കിമിക്ക് രണ്ട് മത്സരങ്ങളിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളിലെയും ഫുട്ബോൾ ഫെഡറേഷനുകൾക്ക് വൻ തുക പിഴയും ചുമത്തി.
സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകൾക്കും കാണികൾ ലേസർ ഉപയോഗിച്ചതിനും കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറിയതിനും സെനഗലിന് ആറ് ലക്ഷം ഡോളറിലധികവും (ഏകദേശം 5 കോടി രൂപ) ആതിഥേയരായ മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറിലധികവുമാണ് പിഴ ശിക്ഷ നൽകിയത്.
റഫറിയിംഗിലെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചകൾ ആഫ്രിക്കൻ ഫുട്ബോളിൽ സജീവമാണെങ്കിലും ഇത്തരം അച്ചടക്കമില്ലാത്ത പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് സിഎഎഫ് വ്യക്തമാക്കി. 2026 ലോകകപ്പിൽ ഫ്രാൻസ്, നോർവേ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് സെനഗൽ ഉൾപ്പെട്ടിരിക്കുന്നത്.









