പ്രായം ഇനിയും ബാക്കി !! ഷുർലെ ഫുട്‌ബോൾ മതിയാക്കി

na

ബൊറൂസിയ ഡോർട്ട്മുണ്ട് താരം ആന്ദ്രേ ഷുർലെ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. തന്റെ 29 ആം വയസിലാണ് അപ്രതീക്ഷിതമായി താരം വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ കരാർ ക്ലബ്ബ്മായി ഒരു വർഷം കൂടെ ഉണ്ടെങ്കിലും താരം അത് റദ്ദാക്കിയാണ് ഫുട്‌ബോളിനോട് വിട പറയുന്നത്. ജർമ്മൻ ദേശീയ താരമായ ഷുർലെ 2014 ലോകകപ്പ് ജേതാവ് കൂടിയാണ്. 2014 ലോകകപ്പ് ഫൈനലിൽ അർജന്റീനൻ ഹൃദയം തകർത്ത മാരിയോ ഗോട്സെയുടെ ഗോളിന് അസിസ്റ്റ് ഒരുക്കിയും താരം ശ്രദ്ധേയനാണ്.

ജർമ്മൻ ക്ലബ്ബ് മൈൻസിലൂടെ വളർന്ന താരം ലെവർകൂസൻ, ചെൽസി, വോൾക്‌സ്ബർഗ്, ഫുൾഹാം, സ്പാർട്ടക് മോസ്‌കോ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2010 ൽ ജർമ്മൻ ദേശീയ ടീമിനായി അരങ്ങേറി. തുടർച്ചയായ പരിക്കുകൾ കാരണം പ്രകടനത്തിൽ പിന്നോട്ട് പോയതിലുള്ള നിരാശയിലായിരുന്നു താനെന്ന് താരം വെളിപ്പെടുത്തി. പ്രകടനം നല്ലത് അല്ലെങ്കിൽ ജോലിയിൽ തുടരുന്നതിൽ അർത്ഥമില്ല എന്നും ഷുർലെ വ്യക്തമാക്കി.